
തിരുവനന്തപുരം: കറകളഞ്ഞ മതനിരപേക്ഷ നിലപാടാണ് നാളിതുവരെ താൻ സ്വീകരിച്ചിട്ടുള്ളതെന്നും മറിച്ചുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വെൽഫെയർ പാർട്ടിയുമായി ഒരു ധാരണയും കോൺഗ്രസ് ഉണ്ടാക്കിയിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പും പിമ്പും പലതവണ വ്യക്തമാക്കിയത് ഇപ്പോഴും ആവർത്തിക്കുന്നു.
മതനിരപേക്ഷ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വരുന്ന താൻ സുതാര്യവും സത്യസന്ധവുമായ നിലപാടാണ് പൊതുജീവിതത്തിലെന്നും സ്വീകരിച്ചിട്ടുള്ളത്. അതിലിന്നുവരെ വെള്ളം ചേർത്തിട്ടില്ല. വെൽഫെയർ പാർട്ടി വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം കൃത്യമായ നിലപാടെടുത്തിട്ടുണ്ട്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറും പലയാവർത്തി ഇത് വ്യക്തമാക്കിയിട്ടുണ്ട്. അതിൽ നിന്ന് വ്യത്യസ്തമായൊരു നിലപാട് കെ.പി.സി.സി അദ്ധ്യക്ഷനെന്ന നിലയ്ക്ക് സ്വീകരിക്കാനാവില്ല. യു.ഡി.എഫ് മുന്നണി വിപുലീകരണത്തെക്കുറിച്ച് ഒരു ചർച്ചയും ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ വിഷയത്തിൽ ഒറ്റയ്ക്ക് അഭിപ്രായം പറയാൻ തനിക്കാവില്ല.