പത്തുമാസക്കാലമായി അടഞ്ഞുകിടക്കുന്ന കേരളത്തിലെ സിനിമാശാലകൾ നാളെ തുറക്കും. വിജയ്‌യും വിജയ് സേതുപതിയും ഒന്നിക്കുന്ന ലോകേഷ് കനകരാജ് ചിത്രം മാസ്റ്റർ നാളെ കേരളത്തിലും റിലീസ് ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സിനിമാ സംഘടനകൾ നടത്തിയ ചർച്ചയിലാണ് സിനിമാ തിയേറ്ററുകൾ തുറക്കാൻ തീരുമാനമായത്.തിയേറ്ററുകൾ അടഞ്ഞുകിടന്ന പത്ത് മാസത്തെ വൈദ്യുതി ഫിക്സഡ് ചാർജ് അമ്പത് ശതമാനമായി കുറയ്ക്കാനും, ബാക്കി ഗഡുക്കളായി അടയ്ക്കാനും തിയേറ്ററുകൾ കഴിഞ്ഞ മാർച്ച് 31നുള്ളിൽ തദ്ദേശ സ്ഥാപനങ്ങളിൽ ഒടുക്കേണ്ട വസ്തു നികുതി മാസഗഡുക്കളായി അടയ്ക്കാനുമുൾപ്പെടെയുള്ള സാവകാശം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനുവദിച്ചതോടെയാണ് തിയേറ്ററുകൾ തുറക്കാൻ ഉടമകൾ സന്നദ്ധരായത്. തുറക്കുന്നതിനോടനുബന്ധിച്ച് ഇന്ന് തിയേറ്ററുകളിൽ പരീക്ഷണ പ്രദർശനം നടത്തും.
നലവിൽ എൺപത്തിയഞ്ച് മലയാള സിനിമകളാണ് റിലീസ് കാത്തിരിക്കുന്നത്. ഈ ചിത്രങ്ങളുടെ നിർമ്മാതാക്കൾ ഇന്നലെ കൊച്ചിയിൽ അടിയന്തര യോഗം കൂടി. സിനിമകൾ മുൻഗണനാടിസ്ഥാനത്തിൽ റിലീസ് ചെയ്യുന്ന കാര്യങ്ങളാണ് നിർമ്മാതാക്കളുടെ യോഗത്തിൽ ചർച്ച ചെയ്തത്.രാവിലെ ഒമ്പത് മണി മുതൽ രാത്രി ഒമ്പത് മണി വരെ മാത്രമേ തിയേറ്ററിൽ പ്രദർശനം അനുവദിക്കൂവെന്ന തീരുമാനത്തിലും താത്‌കാലിക ഇളവ് നൽകിയേക്കും. മാസ്റ്ററിന്റെ ദൈർഘ്യം മൂന്നര മണിക്കൂറോളമുള്ളതിനാലാണ് ഇത്.
മമ്മൂട്ടിയും മഞ്ജുവാര്യരും ഒന്നിക്കുന്ന ദ പ്രീസ്റ്റ്, ജയസൂര്യ നായകനാകുന്ന വെള്ളം, ആസിഫ് അലിയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന കുഞ്ഞെൽദോ, സണ്ണി വയ്‌നും 96 എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരികിഷനും നായകനും നായികയുമാകുന്ന അനുഗ്രഹീതൻ ആന്റണി, ബാലുവർഗീസും, വിനായകനും ധന്യ അനന്യയും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന ഓപ്പറേഷൻ ജാവ, ആന്റണി വർഗീസും ചെമ്പൻ വിനോദും അർജുൻ അശോകനും വേഷമിടുന്ന അജഗജാന്തരം, അനശ്വര രാജനും നന്ദന വർമ്മയും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന വാങ്ക്, അജുവർഗീസും, ലെനയും വേഷമിടുന്ന സാജൻ ബേക്കറി സിൻസ് 1962 തുടങ്ങിയ ഒരു ഡസനോളം ചിത്രങ്ങൾ റിലീസിന് തയ്യാറായിക്കഴിഞ്ഞു.മോഹൻലാൽ - പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം മാർച്ച് 26നും, ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്ക് മേയ് 13നും, നിവിൻപോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം മേയ് 13നും റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ച് കഴിഞ്ഞു.മോഹൻലാൽ - ജിത്തുജോസഫ് ടീമിന്റെ ദൃശ്യം -2 മുൻ നിശ്ചയ പ്രകാരം ഒ.ടി.ടി പ്ളാറ്റ്‌ഫോമായ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. ഫെബ്രുവരിയിലാണ് റിലീസ്.മമ്മൂട്ടി നായകനാകുന്ന വൺ, സുരേഷ് ഗോപി നായകനാകുന്ന കാവൽ, ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ്, ടൊവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളി എന്നീ ചിത്രങ്ങൾ വിഷു റിലീസായി തിയേറ്ററുകളിലെത്തുമെന്നറിയുന്നു.
മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് സിനിമാലോകം
ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം പകരുന്ന തീരുമാനങ്ങൾ കൈക്കൊണ്ട മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും നന്ദി അറിയിച്ച് സിനിമാലോകം. പ്രതിസന്ധിയിലായിരുന്ന മലയാള സിനിമയെ കരകയറ്റാൻ മുന്നോട്ടുവന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് സ്നേഹാദരങ്ങളെന്നാണ് മമ്മൂട്ടിയും മോഹൻലാലും ഫേസ്ബുക്കിൽ കുറിച്ചത്. ദിലീപ്, പൃഥ്വിരാജ്, മഞ്ജുവാര്യർ, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, നിവിൻപോളി, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിംഗൽ തുടങ്ങിയ നിരവധി താരങ്ങളും സാങ്കേതിക പ്രവർത്തകരും മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചിട്ടുണ്ട്.
ഒൻപത് മാസത്തെ കാത്തിരിപ്പ്
ലോകമെമ്പാടുമുള്ള വിജയ് ആരാധകർ മാസ്റ്ററിന് വേണ്ടി കാത്തിരുന്നത് നീണ്ട ഒൻപത് മാസം. കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് നിശ്ചയിച്ചിരുന്ന മാസ്റ്ററിന്റെ റിലീസ് വൈകിയത് കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗൺ കാരണമാണ്. മാനഗരം, കൈദി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം, വിജയ്യിന്റെ പ്രതിനായകനായി വിജയ് സേതുപതിയെത്തുന്ന ചിത്രം. വിജയ് ആരാധകരോടൊപ്പം സാമാന്യ പ്രേക്ഷകരും മാസ്റ്ററിന്റെ റിലീസിനായി ആവേശപൂർവം കാത്തിരുന്നതിന് കാരണങ്ങൾ പലത്.
ഡൽഹി, ചെന്നൈ, കർണാടക എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ മാസ്റ്ററിലെ നായിക മലയാളിയായ മാളവിക മോഹനനാണ്. ശന്തനു, അർജുൻ ദാസ്, ആൻഡ്രിയ ജെർമിയ, നാസർ, ഗൗരികിഷൻ എന്നിവരാണ് മറ്റ് താരങ്ങൾ.
എക്സ്. ബി ഫിലിം ക്രിയേറ്റേഴ്സിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ്. കാമറ : സത്യൻ സൂര്യൻ.ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസും ഐ.എം. പി ഫിലിംസും ചേർന്നാണ് മാസ്റ്റർ കേരളിലത്തിക്കുന്നത്.