തിരുവനന്തപുരം: പാലാ സീറ്റിനെച്ചൊല്ലി ഇടഞ്ഞു നിൽക്കുന്ന എൻ.സി.പി ഔദ്യോഗിക നേതൃത്വം തീവ്രനിലപാടിലേക്ക് നീങ്ങുന്നുവെന്ന സൂചനകൾക്കിടെ, അവസാനവട്ട പരിഹാരത്തിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്റെ നേതൃത്വത്തിലാണിത്.
പാലായിൽ തട്ടിയുള്ള മുന്നണി മാറ്റത്തിൽ പാർട്ടിക്കുള്ളിലെ പൊതുവികാരം അറിയാനായി എൻ.സി.പി ദേശീയാദ്ധ്യക്ഷൻ ശരദ് പവാർ മിക്കവാറും 17ന് തിരുവനന്തപുരത്തെത്തും. മുഖ്യമന്ത്രിയുമായുള്ള ഇന്നത്തെ കൂടിക്കാഴ്ചയിൽ രണ്ടിലൊന്ന് അറിഞ്ഞില്ലെങ്കിൽ, കടുത്ത നിലപാടിലേക്ക് പോകേണ്ടി വരുമെന്ന മുന്നറിയിപ്പ് പീതാംബരൻ ഒപ്പമുള്ളവർക്ക് നൽകുന്നു.
ഇന്നലെ സിനിമാ സംഘടനകളുടെ വിഷയവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി മുഖ്യമന്ത്രിയെ കാണാനെത്തിയ മാണി സി.കാപ്പൻ, കൂട്ടത്തിൽ മുഖ്യമന്ത്രിയെ പ്രത്യേകം കണ്ട് ചർച്ച നടത്തി. മുന്നണിയിൽ അസ്വാരസ്യങ്ങൾക്കിട നൽകാതെ നോക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചതായി അറിയുന്നു. പാലായുടെ കാര്യത്തിൽ ഉറപ്പൊന്നും അദ്ദേഹം നൽകിയതായി സൂചനയില്ല. സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്നിട്ടില്ലാത്ത സാഹചര്യത്തിൽ, ഇപ്പോൾ അതേപ്പറ്റിയൊന്നും ചർച്ച വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രിക്കും ഇടതുമുന്നണി നേതൃത്വത്തിനും. മുഖ്യമന്ത്രിയുമായി രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിച്ചില്ലെന്ന് മാണി സി.കാപ്പൻ കേരളകൗമുദിയോട് പറഞ്ഞു.
പാലാ തങ്ങളുടെ സിറ്റിംഗ് സീറ്റാണെന്നും, ഈ സീറ്റിന്റെ കാര്യത്തിലുള്ള ഉറപ്പ് ഇപ്പോൾ തന്നെ കിട്ടണമെന്നുമാണ് ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട്. എന്നാൽ, തർക്കം അനാവശ്യമെന്ന നിലപാടിലുറച്ച് നിൽക്കുന്ന മന്ത്രി എ.കെ. ശശീന്ദ്രന്റെ പക്ഷം, ഇടതുമുന്നണി വിടുന്നതിനോട് യോജിക്കുന്നില്ല. മാണി സി.കാപ്പൻ പിന്നീട് മന്ത്രി എ.കെ. ശശീന്ദ്രനോടൊപ്പവും മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചു. തർക്കത്തിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ശശീന്ദ്രനുമായി ഒറ്റയ്ക്കും മുഖ്യമന്ത്രി സംസാരിച്ചു.