kgf-2

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നട ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫ് 2ന്റെ ടീസർ പുതിയ റെക്കാഡ് തീർത്ത് 10 കോടി കാഴ്ചക്കാരുമായി യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമത്. യൂ ട്യൂബിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിലും ആദ്യമായും ഒരു നേട്ടം കൈവരിക്കുന്ന ടീസറാണ് ഇത്. കൂടാതെ 5.4 മില്യൺ ലൈക്കുകളും നാലര ലക്ഷത്തോളം കമന്റുകളും ഒരു പുതിയ റെക്കാഡാണ്. നായകൻ യഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം കന്നടയ്ക്ക് പുറമേ, തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. മലയാളത്തിൽ പൃഥ്വിരാജ് ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. യഷിന്റെ വില്ലനായി എത്തുന്ന സഞ്ജയ് ദത്തിനെയും ടീസറിൽ കാണിക്കുന്നുണ്ട്. ഒന്നാം ഭാഗത്തെ വെല്ലുന്ന തരത്തിലുളള ഒരു രണ്ടാം ഭാഗവുമായാണ് കെ.ജി.എഫ് ടീം ഇത്തവണ എത്തുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോക്കി ഭായി ആയുള്ള യഷിന്റെ രണ്ടാം വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കെ.ജി.എഫ് 2 വിൽ അധീര എന്ന വില്ലൻ കഥാപാത്രമായിട്ടാണ് സഞ്ജയ് ദത്ത് എത്തുന്നത്. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തിൽ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തിൽ എത്തുന്നു. 2018ലായിരുന്നു കെ.ജി.എഫിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. അന്ന് ലോകമെമ്പാടും തരംഗമായ സിനിമ കന്നഡത്തിൽ ആദ്യമായി ഇരുനൂറ് കോടി ക്ലബിലെത്തിയ ചിത്രമായും മാറി. കേരളത്തിലും മികച്ച വരവേൽപ്പാണ് യഷിന്റെ കെ.ജി.എഫിന് ലഭിച്ചത്. ഒറ്റ ചിത്രത്തിലൂടെ തന്നെ ഇവിടെ നിന്നും നിരവധി ആരാധകരെ യഷിന് ലഭിച്ചിരുന്നു. കന്നഡ സൂപ്പർതാരത്തിന്റെ കരിയറിൽ വലിയ വഴിത്തിരിവായി കെ.ജി.എഫ് മാറിയിരുന്നു. സാൻഡൽവുഡ് ഇൻഡസ്ട്രിക്ക് ഏറെക്കാലത്തിന് ശേഷം പുത്തനുണർവ് നൽകിയ ചിത്രം കൂടിയായിരുന്നു കെ.ജി.എഫ്.