തിരുവനന്തപുരം: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ, 28 വരെ നടക്കേണ്ടിയിരുന്ന നിയമസഭാ സമ്മേളനം 22ന് അവസാനിപ്പിക്കാൻ ഇന്നലെ ചേർന്ന കാര്യോപദേശക സമിതി യോഗത്തിൽ ധാരണയായി. ബഡ്ജറ്റും നാല് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ടും അനുബന്ധ നടപടികളും പൂർത്തിയാക്കി പിരിയും.
സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് അംഗം എം. ഉമ്മർ നൽകിയ നോട്ടീസ് 21ന് ഉച്ച കഴിഞ്ഞ് ചർച്ചയ്ക്കെടുക്കും. ചർച്ചാവേളയിൽ ഡയസിൽ ഇരിക്കേണ്ടത് ഡെപ്യൂട്ടി സ്പീക്കറാണ്.
പുതുക്കിയ ഷെഡ്യൂൾ പ്രകാരം നിയമ നിർമ്മാണങ്ങളൊന്നും അജൻഡയിലില്ല. വിവാദമായ കാർഷിക നിയമങ്ങൾ സംസ്ഥാനത്ത് തടയിടുന്നതിനുള്ള ബദൽ നിയമനിർമ്മാണം സംബന്ധിച്ച് കൃഷി വകുപ്പിൽ ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും, ഈ സമ്മേളനത്തിൽ അവതരിപ്പിക്കാനാവുമെന്ന് ഉറപ്പില്ല.
സ്പീക്കർമാർക്കെതിരെ
മൂന്നാമത്തെ പ്രമേയം
കേരള നിയമസഭയുടെ ചരിത്രത്തിൽ സ്പീക്കർമാരെ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വരുന്ന മൂന്നാമത്തെ പ്രമേയ നോട്ടീസാണ് ശ്രീരാമകൃഷ്ണനെതിരെ ഉണ്ടായിരിക്കുന്നത്.
1982ൽ സ്പീക്കറായിരുന്ന എ.സി. ജോസിനെതിരെ ആയിരുന്നു ആദ്യത്തെ പ്രമേയം. സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന്മേൽ നടന്ന വോട്ടെടുപ്പിൽ സ്പീക്കർ കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ചതിന്റെ പേരിലാണ് അദ്ദേഹത്തെ നീക്കാനാവശ്യപ്പെട്ട് അന്നത്തെ പ്രതിപക്ഷം നോട്ടീസ് നൽകിയത്. 2004ൽ സ്പീക്കറായിരുന്ന വക്കം പുരുഷോത്തമനെതിരെയാണ് രണ്ടാമത്തെ നോട്ടീസ്. രാഷ്ട്രീയമായി സ്പീക്കർ ഭരണകക്ഷിക്കായി ഇടപെടുന്നുവെന്നും രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്നുമാരോപിച്ചായിരുന്നു നോട്ടീസ്. അന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ കെ. കരുണാകരന്റെ പിന്തുണയോടെ കോടോത്ത് ഗോവിന്ദൻ നായർ റിബലായി മത്സരിച്ചത് വിവാദമായ സമയമായിരുന്നു. കരുണാകരൻ അനുകൂലികളായ എം.എൽ.എമാരെ വക്കം ഭീഷണിപ്പെടുത്തിയെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.
82ലും 2004ലും ഇടതുപക്ഷമാണ് പ്രതിപക്ഷത്തെങ്കിൽ, ഇക്കുറി യു.ഡി.എഫാണ്. രണ്ട് തവണത്തേതിൽ നിന്നും വ്യത്യസ്തമായി ഇക്കുറി സ്വർണ്ണക്കടത്ത് കേസിലുയർന്ന ആരോപണങ്ങളും നിയമസഭയിലെ നിർമ്മാണ പ്രവൃത്തികളെച്ചൊല്ലിയുള്ള അഴിമതിയാരോപണങ്ങളുമാണ് പ്രതിപക്ഷം ഉയർത്തുന്നത്.