തിരുവനന്തപുരം: പതിനൊന്നു മാസത്തെ അടച്ചിരിപ്പിനൊടുവിൽ സംസ്ഥാനത്തെ സിനിമാതിയേറ്ററുകളിൽ നാളെ മുതൽ പ്രദർശനം തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ സിനിമാ സംഘടനാ പ്രതിനിധികളുൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
സിനിമാ സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ എം.എം. മണി, എ.സി. മൊയ്തീൻ, കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്. പിള്ള തുടങ്ങിയവരുടെ യോഗം വിളിച്ചുകൂട്ടിയാണ് ഇളവുകൾ തീരുമാനിച്ചത്. വിവിധ സിനിമാ സംഘടനകളെ പ്രതിനിധീകരിച്ച് കെ.വിജയകുമാർ, എം. രഞ്ജിത്, സുരേഷ്‌കുമാർ, ആന്റണി പെരുമ്പാവൂർ, എം.എം. ഹംസ തുടങ്ങിയവർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
തീരുമാനങ്ങൾ
തിയേറ്ററുകളുടെ വിനോദനികുതി ജനുവരി മുതൽ മാർച്ച് വരെ ഒഴിവാക്കും
അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാർജ് 50 ശതമാനമാക്കി കുറയ്‌ക്കും. ബാക്കി ഗഡുക്കളായി അടയ്‌ക്കാം. 2020 മാർച്ച് 31നുള്ളിൽ തിയേറ്ററുകൾ ഒടുക്കേണ്ട വസ്തുനികുതിയും മാസഗഡുക്കളായി അടയ്‌ക്കാം.
തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷൻ, ബിൽഡിംഗ് ഫിറ്റ്‌നസ്, ആരോഗ്യം, ഫയർഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിക്കും
നിബന്ധനകൾ
രാത്രി 9നു ശേഷം ഷോ പാടില്ല
മാസ്ക്, സാനിറ്റൈസർ നിർബന്ധം
പ്രവേശനം 50% സീറ്റുകളിൽ
ഇരിക്കുന്നത് ഒന്നിടവിട്ട സീറ്റുകളിൽ
സംഘടനകൾ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ
ജി.എസ്.ടി കുറയ്ക്കുക, സംസ്ഥാനത്ത് നിർമ്മിക്കുന്ന ചിത്രങ്ങൾക്ക് 10 ലക്ഷം രൂപ സബ്സിഡി നൽകുക, ടിക്കറ്റ് മെഷീൻ സമ്പ്രദായം ഏർപ്പെടുത്തുക
പണം വരാനെത്തുന്ന 'മാസ്റ്റർ"
വിജയ് നായകനാകുന്ന തമിഴ് ചിത്രം 'മാസ്റ്റർ" ആണ് തിയേറ്ററുകൾ തുറക്കുമ്പോൾ ആദ്യമെത്തുന്ന ചിത്രം. ചിത്രത്തിന്റെ റിലീസിംഗ് 13ന് നിശ്ചയിച്ചതോടെയാണ് തിയേറ്റർ തുറക്കൽ ചർച്ച സജീവമായത്. 450 തിയേറ്ററുകളിൽ റിലീസ് ചെയ്ത് പരമാവധി ഇനിഷ്യൽ കളക്ഷൻ നേടുകയാണ് മാസ്റ്റർ വിതരണക്കാരുടെ ലക്ഷ്യം. പ്രധാന സെന്ററുകളിൽ ആദ്യ ദിനം നാല് ഷോ ഉണ്ടാകും.