തിരുവനന്തപുരം:കോർപ്പറേഷനിൽ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11ന് നടക്കും. ധനകാര്യം, പൊതുമരാമത്ത്,ആരോഗ്യം,വിദ്യാഭ്യാസം,വികസനം,ടൗൺ പ്ലാനിംഗ്,നികുതി അപ്പീൽ കാര്യം ,ക്ഷേമകാര്യം എന്നിങ്ങനെ എട്ടു സ്റ്റാൻഡിംഗ് കമ്മിറ്റികളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇതിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാൻ ഡെപ്യൂട്ടി മേയറാണ്. മറ്റു സ്റ്റാൻഡിംഗ് കമ്മിറ്റികളിലെ അംഗങ്ങളെയും അദ്ധ്യക്ഷൻമാരെയുമാണ് തിരഞ്ഞെടുക്കക. എൽ.ഡി.എഫിന് കേവല ഭൂരിപക്ഷം ലഭിച്ചതിനാൽ എല്ലാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പദവിയും ഇക്കുറി അവർക്ക് തന്നെ ലഭിക്കും.എന്നാൽ കഴിഞ്ഞ തവണ നികുതി അപ്പീൽ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പദവി ബി.ജെ.പിക്ക് ലഭിച്ചിരുന്നു.
സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷസ്ഥാനം: നിലപാട് കടുപ്പിച്ച് സി.പി.ഐ
തിരുവനന്തപുരം:കോർപ്പറേഷനിൽ എട്ട് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പദവികളിൽ ഒന്ന് കിട്ടിയേ തീരൂവെന്ന് നിലപാട് കടുപ്പിച്ച് സി.പി.ഐ രംഗത്തെത്തിയതോടെ ഇടതുമുന്നണി സമ്മർദ്ദത്തിൽ. കോർപ്പറേഷനിൽ കഴിഞ്ഞ തവണ ബി.ജെ.പിക്ക് ഒരു അദ്ധ്യക്ഷസ്ഥാനം നൽകാൻ നിർബന്ധിതമായെങ്കിൽ ഇക്കുറി ആ സ്ഥിതി ഒഴിവായതിന് കാരണം എൽ.ഡി.എഫിന് ലഭിച്ച കേവലഭൂരിപക്ഷമാണ്. എന്നാൽ അത് സി.പി.എമ്മിന് ഒറ്റയ്ക്ക് സാധിച്ചതല്ലെന്നും സി.പി.ഐയുടെ കൂടി പിന്തുണയോടെയാണ് ഭൂരിപക്ഷത്തിലെത്തിയതെന്നും അതിനാൽ ഡെപ്യൂട്ടി മേയർക്ക് പുറമേ ഒരു സ്ഥാനംകൂടി കിട്ടിയേ തീരൂവെന്നുമാണ് സി.പി.ഐ വാദം. ഇതിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കാട്ടി ഇന്നലെ സി.പി.എം ജില്ലാ നേതൃത്വത്തിന് സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ കത്ത് നൽകി. എൽ.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലാവശ്യപ്പെട്ട് സി.പി.ഐ സംസ്ഥാന നേതൃത്വത്തെയും ജില്ലാ നേതൃത്വം സമീപിച്ചിട്ടുണ്ട്. എന്നാൽ, ഡെപ്യൂട്ടി മേയർക്ക് പുറമേ മറ്റൊരു സ്ഥാനം കൂടി നൽകാനാവില്ലെന്നാണ് സി.പി.എമ്മിന്റെ നിലപാട്. മൂന്ന് കൗൺസിലർമാർ മാത്രം സി.പി.ഐക്ക് ഉണ്ടായിരുന്ന കാലത്ത് പോലും രണ്ട് സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സി.പി.ഐയും പറയുന്നു.