തിരുവനന്തപുരം: പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഗുരുതരവീഴ്ച കാരണം അട്ടിമറിക്കപ്പെട്ട വാളയാർ കേസിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിന് വിജ്ഞാപനമിറക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളുടെ നിവേദനത്തെ തുടർന്നാണ് തീരുമാനം.
പ്രതികളെ വിട്ടയച്ച പാലക്കാട് പോക്‌സോ കോടതിയുടെ ഉത്തരവ് റദ്ദാക്കി കേസിൽ പുനർവിചാരണ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടരന്വേഷണത്തിന് പ്രോസിക്യൂഷൻ അപേക്ഷ നൽകിയാൽ പരിഗണിക്കണമെന്ന് വിചാരണക്കോടതിയോട് നിർദ്ദേശിച്ചിട്ടുമുണ്ട്. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിൽ നിന്ന് നിയമോപദേശം തേടിയ ശേഷമാണ് മുഖ്യമന്ത്രിയുടെ നടപടി.
എന്നാൽ, തുടരന്വേഷണം സി.ബി.ഐയ്ക്ക് വിടാനുള്ള സർക്കാർ വിജ്ഞാപനം ചട്ടപ്രകാരമല്ലെന്ന് ഹൈക്കോടതി റിട്ട.ജഡ്‌ജി ജസ്റ്റിസ് ബി.കെമാൽപാഷ കേരളകൗമുദിയോട് പറഞ്ഞു. അന്തിമ റിപ്പോർട്ട് നൽകിയ ശേഷം അന്വേഷണ ഏജൻസിയെ മാറ്റരുതെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാലാണിത്. വാളയാർ കേസിൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടില്ല. വിചാരണ മാത്രമാണ് റദ്ദാക്കിയത്. പുതിയ തെളിവുകളുണ്ടെന്നും, കുറ്റപത്രം റദ്ദാക്കി പുനരന്വേഷണത്തിന് ഉത്തരവിടണമെന്നും സർക്കാരിന് ഹൈക്കോടതിയോട് അപേക്ഷിക്കാം. ചട്ടപ്രകാരമല്ലാത്ത സർക്കാരിന്റെ വിജ്ഞാപനം സി.ബി.ഐ സ്വീകരിക്കാനുമിടയില്ല. സിബിഐ അന്വേഷണമാവശ്യപ്പെട്ട് സർക്കാരോ രക്ഷിതാക്കളോ ഹൈക്കോടതിയിൽ ഹർജി നൽകുകയാണ് വേണ്ടത്.
സർക്കാരും കോടതിയും
അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി സർക്കാർ വിജ്ഞാപനമിറക്കിയ നിരവധി കേസുകൾ സി.ബി.ഐ ഏറ്റെടുത്തിട്ടില്ല. വിജ്ഞാപനം അനുസരിക്കാൻ സി.ബി.ഐയ്ക്ക് നിയമപരമായ ബാദ്ധ്യതയില്ല.
പൊലീസിന്റെ തുടരന്വേഷണംകൊണ്ട് കാര്യമില്ലെന്ന് സർക്കാർ ബോധിപ്പിച്ചാൽ ക്രിമിനൽ നടപടിച്ചട്ടം 173 (8)പ്രകാരം തുടരന്വേഷണത്തിന് ഹൈക്കോടതിക്ക് ഉത്തരവിടാം. സി.ബി.ഐയ്ക്ക് അന്വേഷണം ഏറ്റെടുത്തേ പറ്റൂ.
പ്രതികളെ വെറുതേ വിട്ടത് തെളിവില്ലാത്തതു കൊണ്ടല്ല, വിചാരണ നടത്തിയവരുടെ കൃത്യവിലോപം മൂലമാണെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. അതിനാൽ സി.ബി.ഐയുടെ തുടരന്വേഷണത്തെ ഹൈക്കോടതി എതിർക്കാനിടയില്ല.
'സെഷൻസ് കോടതി വിചാരണ നടത്തി വിധി പറഞ്ഞ കേസായതിനാൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി തുടരന്വേഷണം ആവശ്യപ്പെടുന്നതാണ് നിയമപരമായ നടപടിക്രമം".
-സി.ബി.ഐ അഭിഭാഷകൻ, ഹൈക്കോടതിയിൽ