ആര്യനാട്: ആര്യനാട് - നെടുമങ്ങാട് റോഡ് തകർന്നു. ഇതോടെ യാത്രക്കാർ ദുരിതത്തിലായി. സ്റ്റേറ്റ് ഹൈവേയായ നെടുമങ്ങാട് ഷൊർലക്കോട് റോഡിന്റെ ഭാഗമായ നെടുമങ്ങാട് മുതൽ ആര്യനാട് വരെയാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്.
അഞ്ച് വർഷങ്ങൾക്ക് മുൻപാണ് റോഡിന്റെ നവീകരണം നടത്തിയത്. റോഡിന് ഇരുവശത്തും ശരിയായ രീതിയിൽ ഓട നിർമ്മിക്കാതെയാണ് റോഡ് നിർമ്മാണം നടത്തിയത്. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാൻ കഴിയാതെ റോഡിൽ കെട്ടിനിന്നാണ് പ്രധാനമായും റോഡിന്റെ തകർച്ചയ്ക്ക് കാരണമായത്.
കാരനാട്, പാറയ്ക്കാറ, കൊങ്ങണം, കൊറ്റാമല, നെട്ടിറച്ചിറ, മുക്കോലയ്ക്കൽ, കുളവീക്കോണം എന്നിവടങ്ങളിലാണ് വലിയ ഗട്ടറുകൾ രൂപപ്പെട്ടിട്ടുള്ളത്. ദിവസേന നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. മഴക്കാലമായാൽ കുഴികളിൽ വെള്ളം കെട്ടുന്നതോടെ യാത്രക്കാർ കൂടുതൽ ദുരിതത്തിലാകും. നെട്ടിറച്ചിറക്ക് സമീപം സ്വകാര്യ വ്യക്തിയുടെ വസ്തു ഇടിക്കുന്നതിനിടെ മണ്ണ് വീണ് ഓട അടഞ്ഞതാണ് ആ ഭാഗത്ത് റോഡ് തകരാൻ കാരണമായതെന്ന് പ്രദേശവാസികൾ പറയുന്നു.
റോഡിന്റെ തകർച്ചകാരണം വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. സ്വകാര്യവാഹനത്തിൽ കയറിയാൽ മണിക്കൂറുകൾ കഴിഞ്ഞാലേ നെടുമങ്ങാട് കടന്നുപോകാൻ കഴിയൂ. ബന്ധപ്പെട്ടവർ ഇതൊന്നും ശ്രദ്ധിക്കാത്തതുകാരണം സാധാരണക്കാരായ പൊതു ജനങ്ങളാണ് ബുദ്ധിമുട്ടിലാകുന്നത്.