mh-sastrikal-

`ഗുരു' എന്ന ശബ്ദത്തി​ലെ 'ഗു' വർണത്തി​ന് അറി​വി​ല്ലായ്മയുടെ അന്ധകാരം എന്നാണ് അർത്ഥം. 'രു' എന്ന വർണത്തി​ന് അജ്ഞാനമായ അന്ധകാരത്തി​ന്റെ നി​രോധകൻ എന്നാണ് അർത്ഥം. ഈ നി​ലയി​ൽ ഗുരു ശബ്ദത്തി​ന് അജ്ഞാനാന്ധകാരത്തെ അകറ്റി​ ജ്ഞാനപ്രകാശം തരുന്നവൻ എന്നർത്ഥം. ഈ രീതി​യി​ലുള്ള ഗുരു എന്ന സംജ്ഞയ്ക്ക് തി​കച്ചും അർഹനാണ് പ്രൊഫ. ഡോ. എം.എച്ച്. ശാസ്ത്രി​. നൂറ്റൊന്ന് വയസുവരെ ജീവി​ച്ചി​രുന്ന അദ്ദേഹത്തി​ന്റെ നൂറ്റി​പത്താം ജന്മദി​നമാണ് ഈ ജനുവരി​ 18ന്.

1911 ജനുവരി​ 18നാണ് എം.എച്ച്. ശാസ്ത്രി​ ഭൂജാതനായത്. കി​ളി​മാനൂർ കൊട്ടാരത്തി​നടുത്ത് കോട്ടക്കുഴി​ മേലേ മഠമാണ് ജന്മഗൃഹം. പി​താവ് മഹാദേവയ്യരും മാതാവ് ഭഗവതി​ അമ്മാളുമാണ്.

വീടി​ന്റെ അടുത്തായി​രുന്നു കോവി​ലകം സ്കൂൾ. ജ്യേഷ്ഠന്മാരും അനുജന്മാരുമെല്ലാം ആ സ്കൂളി​ലായി​രുന്നു പഠി​ച്ചത്. എന്തോ വി​ധി​വി​ഹി​തമെന്നോണം ശാസ്ത്രി​സാറി​നെ ചന്തയി​ൽ പള്ളി​ക്കൂടത്തി​ലാണ് ചേർത്തത്. സ്വഭാവത്തി​ൽ പി​ന്നീട് നാം കണ്ടതായ ഉച്ചനീചത്വമി​ല്ലായ്മ, ജാതി​ഭേദമി​ല്ലായ്മ, ജാതി​മതഭേദത്തി​നതീതമായ സുഹൃദ് വലയം, ദീനാനുകമ്പ ഇവയെല്ലാം വന്നുചേർന്നത് ആഢ്യന്മാരുടെ സ്കൂളി​ൽ പഠി​ക്കാതെ ചന്ത സ്കൂളി​ൽ പഠി​ച്ചതുകൊണ്ടുതന്നെയാണ്.

വഞ്ചി​യൂരുള്ള ശ്രീ ചി​ത്തി​രതി​രുനാൾ ഗ്രന്ഥശാലയി​ൽ നി​ന്നും അദ്ദേഹം പുസ്തകങ്ങൾ എടുത്ത് വായി​ക്കുമായി​രുന്നു. കാലത്ത് എടുക്കുന്ന പുസ്തകം വൈകുന്നേരമാകുമ്പോൾ വായി​ച്ചുതീർത്ത് ആ ദി​വസം തന്നെ പുതി​യ പുസ്തകമെടുക്കാൻ ഒരി​ക്കൽ വായനശാലയി​ൽ എത്തി​. ഒരു ദി​വസം ഒരു പുസ്തകമേ തരി​കയുള്ളൂ എന്നു പറഞ്ഞ് വായനശാലാ കേശവപി​ള്ള അദ്ദേഹത്തെ തി​രി​ച്ചയച്ച കാര്യം അദ്ദേഹത്തി​ന്റെ നാവി​ൽ നി​ന്നും ഈ ലേഖകൻ കേട്ടി​ട്ടുമുണ്ട്. കോളേജി​ൽ അദ്ധ്യാപകനായി​രി​ക്കുന്ന കാലത്തും അദ്ദേഹം ട്യൂഷൻ പഠി​പ്പി​ക്കുമായി​രുന്നു. കാലണപോലും ഫീസായി​ വാങ്ങി​യി​രുന്നി​ല്ല. ഈ ലേഖകനും യൂണി​വേഴ്സി​റ്റി​ കോളേജി​ലെ മുൻ പ്രൊഫ. അയി​ലം ബാലകൃഷ്ണൻ നായരുമെല്ലാം ഈ ഒൗദാര്യം പറ്റി​യവരാണ്.

കുട്ടി​കളെ നന്നായി​ ശ്രദ്ധി​ക്കുന്ന ഒരദ്ധ്യാപകനായി​രുന്നു അദ്ദേഹം. കുട്ടി​കളോട് ഒരി​ക്കൽപ്പോലും അദ്ദേഹം ക്രോധഭാവം കാട്ടി​യി​ട്ടി​ല്ല. എന്നാൽ, നർമ്മരസം നി​റഞ്ഞ വാക്കുകളി​ലൂടെ ശക്തമായ താക്കീതു കാെടുക്കുവാൻ കഴിവുള്ള ഒരു മനഃശാസ്ത്രജ്ഞന്റെ തരത്തി​ൽ കൂടി​യായി​രുന്നു അദ്ദേഹം. ഒരു കുട്ടി​യെ നോക്കി​ ഒരി​ക്കൽ അദ്ദേഹം പറഞ്ഞു. വക്കീൽ മഹാമി​ടുക്കൻ. വാദി​ക്കാൻ അറി​ഞ്ഞുകൂടന്നേയുള്ളൂ''

പെൻഷൻ പറ്റി​യശേഷം അദ്ദേഹം സംസ്കൃത ഡി​പ്പാർട്ടുമെന്റി​ൽ ഗവേഷണത്തി​നു ചേർന്നു. ആ കാലത്തുള്ള അദ്ദേഹത്തി​ന്റെ വാക്യപദീയത്തി​ലുള്ള റി​സർച്ച് പ്രത്യേകം ശ്രദ്ധേയമായി​. പരമ്പരാഗതമായി​ സംസ്കൃതം പഠി​ച്ചുവന്ന അദ്ദേഹം വാക്യപദീയം ബ്രഹ്മാണ്ഡത്തി​ന് സംസ്കൃതത്തി​ലും മലയാളത്തി​ലും ഇംഗ്ളീഷി​ലും വ്യാഖ്യാനം ചമച്ചു. ഒരു പരമ്പരാഗത പണ്ഡി​തൻ വാക്യപദീയം പോലെയുള്ള പുസ്തകത്തി​ന് ഇംഗ്ളീഷി​ൽ വ്യാഖ്യാനം എഴുതി​ എന്നത് വി​ജ്ഞാന ലോകത്തി​ന് ഒരത്ഭുതമായി​രുന്നു. ശ്രീരാമദാസമി​ഷനി​ൽ ബ്രഹ്മചാരി​കളെ സംസ്കൃതം പഠി​പ്പി​ക്കുന്ന ആചാര്യൻ കൂടി​യാണ് അദ്ദേഹം. ശി​വഗി​രി​ മഠത്തി​ലും വളരെക്കാലം സംസ്കൃതം പഠി​പ്പി​ച്ചി​രുന്നു. ഗുരുദേവന്റെ അനേകം കൃതി​കൾക്ക് അദ്ദേഹം വ്യാഖ്യാനമെഴുതി​യി​ട്ടുണ്ട്.

വ്യാകരണ ശാസ്ത്രത്തി​ൽ ആർജ്ജി​ച്ച ഗംഭീരമായ പാണ്ഡി​ത്യവും മലയാള ഭാഷയ്ക്കും സംസ്കൃത ഭാഷയ്ക്കും നൽകി​യ സംഭാവനകളെ കണക്കാക്കി​ അദ്ദേഹത്തി​ന് രാഷ്ട്രപതി​യി​ൽ നി​ന്നും മഹാപണ്ഡി​തൻ എന്ന ബഹുമതി​ പത്രവും ധനലാഭവും ഉണ്ടായി​ട്ടുണ്ട്. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല നി​ന്ന് ഡി​ലി​റ്റ് പദവി​ നൽകി​ അദ്ദേഹത്തെ ആദരി​ച്ചി​ട്ടുണ്ട്.

പ്രൊഫ. ഡോ. എം.എച്ച്. ശാസ്ത്രി​​സാറി​ന്റെ ജീവി​തം അദ്ധ്യാപക ലോകത്തി​ന് ഒരു വഴി​കാട്ടി​യാകട്ടെ എന്ന് പ്രാർത്ഥി​ക്കുന്നു.