വിതുര: പൊന്മുടി സന്ദർശിക്കാനെത്തിയ നാലംഗസംഘം കല്ലാർ ഗോൾഡൻവാലി ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനപാലകരെ ആക്രമിച്ചതായി പരാതി. മദ്യപിച്ചെത്തിയ നന്ദിയോട് ഇളവട്ടം കുറുപുഴ സ്വദേശികളായ നാലുപേരാണ് ആക്രമണം നടത്തിയതെന്ന് പാലോട് റേഞ്ച് ഒാഫീസർ അജിത്കുമാറും വിതുര പൊലീസ് ഇൻസ്പെക്ടർ എസ്.ശ്രീജിത്തും അറിയിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം.

വൈകിട്ട് നാല് വരെയാണ് പൊന്മുടിയിലേക്ക് സഞ്ചാരികളെ കടത്തിവിടുന്നത്. നാലരമണിയോടെ എത്തിയ സംഘം വനപാലകരോട് തങ്ങളെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇവരോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടതോടെ വാക്കേറ്റമായി. തിരിച്ചുപോയ ശേഷം

അഞ്ചുമണിയോടെ മടങ്ങിയെത്തി വീണ്ടും തങ്ങളെ പൊന്മുടിയിലേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ടു. സന്ദർശന സമയം കഴിഞ്ഞെന്നും മടങ്ങിപ്പോകണമെന്നും വനപാലകർ ആവശ്യപ്പെട്ടതോടെ ഇവർ ആക്രമിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ വിതുര പൊലീസ് ഇൻസ്‌പെക്ടർ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അക്രമികളെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി വിതുര പൊലീസ് അറിയിച്ചു.