temple

തിരുവനന്തപുരം: തിരുവിതാംകൂറിന്റെ സാംസ്‌കാരിക പൈതൃകവും തനിമയും നിലനിറുത്തുന്നതിനായി നൂറുകോടി ചെലവഴിച്ച് നടപ്പാക്കുന്ന തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വിവിധ കൊട്ടാരങ്ങൾ, മാളികകൾ, ക്ഷേത്രങ്ങൾ എന്നിവയുടെ പഴമ നഷ്ടപ്പെടാതെ സംരക്ഷിക്കുകയാണ് നാല് ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം.

ആദ്യഘട്ടത്തിൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരം, കിഴക്കേകോട്ട, എം.ജി റോഡ് മുതൽ വെള്ളയമ്പലം വരെയുള്ള 19 കെട്ടിടങ്ങളിൽ ആധുനികപ്രകാശ സംവിധാനങ്ങൾ സ്ഥാപിക്കും. കിഴക്കേകോട്ട മുതൽ ഈഞ്ചയ്ക്കൽ വരെയുള്ള 21 കെട്ടിട സമുച്ചയങ്ങളും സംരക്ഷിച്ച് അലങ്കാരദീപങ്ങൾ സ്ഥാപിക്കുന്നുണ്ട്. രണ്ടാംഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ ചരിത്ര സ്മാരകങ്ങളുടെ പുനരുദ്ധാരണം നടപ്പാക്കും. ആറ്റിങ്ങൽ കൊട്ടാരം, ആനന്ദവിലാസം, രംഗവിലാസം, സുന്ദരവിലാസം കൊട്ടാരം എന്നിവിടങ്ങളിലാണ് രണ്ടാംഘട്ടത്തിൽ പ്രകാശ സംവിധാനങ്ങൾ സ്ഥാപിക്കുന്നത്.

മറ്റ് പ്രഖ്യാപനങ്ങൾ

പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് മന്ദിരത്തിൽ ലേസർ പ്രൊജക്‌ഷനിലൂടെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ആവിഷ്‌കരിക്കും. രാജാ രവിവർമ്മയുടെ ജന്മഗൃഹമായ കിളിമാനൂർ കൊട്ടാരവും. നവീകരിക്കും. തിരുവിതാംകൂറിന്റെ പൈതൃക സ്മാരകങ്ങളെ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും പദ്ധതിയിലൂടെ സാധിക്കും. രാജ്യത്തെ വിവിധ ഇടങ്ങളിൽ ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തിൽ പ്രസിദ്ധരായ ആഭാ നാരായണൻ ലാംബ അസോസിയേറ്റ്സാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. പദ്മനാഭപുരം കൊട്ടാരം മുതൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രം വരെ നീളുന്നതാണ് പൈതൃക ടൂറിസം പദ്ധതി.