jan11d


ആറ്റിങ്ങൽ: ഖരമാലിന്യ സംസ്കരണത്തിന് വർഷങ്ങളായി മാതൃകയാകുകയാണ് ആറ്റിങ്ങൽ നഗരസഭ. നിരവധി അവാർഡുകളാണ് നഗരസഭ നേടിയെടുത്തത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ഗവേഷക സംഘങ്ങൾ എത്തി ആറ്റിങ്ങലിന്റെ നേട്ടം പഠനം നടത്തി അവരുടെ സ്ഥലത്ത് നടപ്പാക്കിയിട്ടുണ്ട്.മാലിന്യം അത് ഉണ്ടാകുന്നിടത്തുതന്നെ സംസ്കരിക്കുക എന്ന രീതി കൂട്ടുത്തരവാദിത്വമാണെന്ന് കണ്ട ആറ്റിങ്ങൽ നഗരസഭ അത് നടപ്പാക്കിയാണ് മാതൃകയായത്.നാലര ഏക്കർ സ്ഥലത്ത് ഖരമാലിന്യ പരിപാലന കേന്ദ്രവും നഗരസഭ നടത്തിവരുന്നുണ്ട്. കുടുംബശ്രീ പ്രവർത്തകർ വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം ഇവിടെ എത്തിച്ചാണ് സംസ്കരിക്കുന്നത്. മാലിന്യം സംസ്കരണ കേന്ദ്രത്തിൽ എത്തിക്കുന്നതോടെ കുടുംബശ്രീയുടെ ഉത്തരവാദിത്വം കഴിയുന്നു. പിന്നീട് അത് സംസ്കരിക്കുന്ന ജോലി കാസർകോട് സോഷ്യൽ സർവീസ് സൊസൈറ്റി എന്ന ഏജൻസിക്കാണ്. ഇവിടെ മാലിന്യങ്ങൾ തരം തിരിച്ച് സംസ്കരിക്കും.മാലിന്യത്തിന്റെ അളവും ഈർപ്പവും കണക്കിലെടുത്ത് കേരളത്തിന് അനുയോജ്യമായ വിൻഡ്രോ കമ്പോസ്റ്റ് നിർമ്മിക്കലാണ് ഇവിടെ നടക്കുന്നത്.മാലിന്യം 60 ദിവസത്തിനകം കമ്പോസ്റ്റാക്കുന്ന വിദ്യയാണ് പ്രാവർത്തികമാക്കിയിട്ടുള്ളത്. ഈ കമ്പോസ്റ്റ് ആവശ്യക്കാർക്ക് മിതമായ വിലയ്ക്ക് നൽകും. 15 ടൺ മാലിന്യം സംസ്കരിക്കാനുള്ള സൗകര്യമാണുള്ളത്.മാലിന്യം അഴുക്കുമ്പോൾ ഉൗറിവരുന്ന ദ്രാവകം നീരുറവകളിൽ കലർന്ന് നാട്ടുകാർക്ക് ശല്യം ഉണ്ടാകാതിരിക്കാൻ അത് പൈപ്പിലൂടെ ബയോഗ്യാസ് പ്ലാന്റിനകത്ത് നിക്ഷേപിച്ചാണ് പ്രശ്നം പരിഹരിച്ചിരിക്കുന്നത്.ദിവസവും 700 കിലോയിലധികം അറവു മാലിന്യങ്ങളാണ് ഇവിടെ എത്തുന്നത്. ഇത് ബയോഗ്യാസ് നിർമ്മിക്കാൻ ഉപയോഗപ്പെടുത്തുന്നു. കേന്ദ്രത്തിൽ വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റിനു പുറമേ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മണ്ണിര കമ്പോസ്റ്റ് നിർമ്മാണവും നടക്കുന്നുണ്ട്.ഖരമാലിന്യ സംസ്കരണത്തിന് മേൽനോട്ടം ഭരണ സമിതിയാണ് നടത്തുന്നത്. ഇതിനു വേണ്ട തുക നഗരസഭ സ്വന്തം ഫണ്ടിൽ നിന്നും നൽകും. പല പദ്ധതികളും ഏജൻസിയെ ഏൽപ്പിച്ച് മാറി നിൽക്കുന്നതാണ് അവ പാതി വഴിയിൽ മുടങ്ങാൻ കാരണമെന്ന് മനസിലാക്കിയാണ് നഗരസഭ ശക്തമായ ഇടപെടൽ ഇതിൽ നടത്തുന്നത്.

നടപ്പിലാക്കിയത്

ആകെ 23 ജീവനക്കാർ

ഇതിൽ 3 പേർ പുരുഷന്മാരും ബാക്കി സ്ത്രീകളുമാണ്

*പ്ലാസ്റ്റിക് മാലിന്യങ്ങളും ഈ വേസ്റ്റും സംസ്കരിക്കുന്നതായിരുന്നു ആറ്റിങ്ങലിനെ സംബന്ധിച്ച് കീറാമുട്ടിയായി നിന്നത്. ഇതിന് പരിഹാരം കാണാനായി പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് ടാറിംഗിന് ഉപയോഗപ്രദമായ രീതിയിൽ ഒരുക്കുന്ന യന്ത്ര സാമഗ്രികൾ സ്ഥാപിച്ചുകഴിഞ്ഞു. ഉടൻ അതിന്റെ പ്രവർത്തനം ആരംഭിക്കും. ഈ വേസ്റ്റുകൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈറുകയാണ് ചെയ്യുന്നത്.

മോഹൻകുമാർ, കാസർകോട് സോഷ്യൽ സർവീസ് സൊസൈറ്റി

മാലിന്യ സംസ്കരണമെന്നത് മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കീറാമുട്ടിയാണ്. എന്നാൽ ആറ്റിങ്ങലിലെ സ്ഥിതി അതല്ല. നഗരസഭാ ജീവനക്കാരും ഏജൻസിയും കുടുംബശ്രീയും 31 ജനപ്രതിനിധികളുടെയും ആത്മാർത്ഥമായ ഇടപെടലും നഗരത്തിലെ ജനങ്ങളുടെ അവബോധവും ഉയർന്ന ചിന്തയുമാണ് ഇക്കാര്യത്തിൽ വിജയമാകുന്നത്.

അഡ്വ. എസ്. കുമാരി, ചെയർപേഴ്സൺ,​ ആറ്റിങ്ങൽ നഗരസഭ