തിരുവനന്തപുരം: കൊവിഡ് കരുതലോടെ നടത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, കേന്ദ്ര തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കമ്മിഷണർ സുദീപ് ജെയിനിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം 21ന് സംസ്ഥാനത്തെത്തും. പ്രശ്നബാധിതമായ കണ്ണൂരിൽ 22നും ആലപ്പുഴയിൽ 23നും സംഘം പ്രത്യേക യോഗം ചേരും.സംസ്ഥാന തിരഞ്ഞെടുപ്പ് ഒാഫീസറുടെ കൊവിഡ് ആക്ഷൻ പ്ളാനും പരിശോധിക്കും.
ഏപ്രിൽ മാസത്തിൽ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ് കമ്മിഷൻ . വോട്ടർ പട്ടിക പുതുക്കുന്ന നടപടികൾക്ക് തുടക്കമായി.സംസ്ഥാനത്ത് പ്രശ്നസാധ്യതാ മേഖലയെന്ന് വിലയിരുത്തി പ്രത്യേക പരിഗണന നൽകിയാണ് കണ്ണൂരിൽ യോഗം ചേരുന്നത്. വയനാട്, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലെ ബൂത്തുകളിൽ മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നും കമ്മീഷൻ വിലയിരുത്തുന്നു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നേരിട്ടിടപെടേണ്ടവരിൽ മൂന്ന് വർഷത്തിലധികമായി സ്ഥാനത്ത് തുടരുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്നാണ് ചട്ടം. മൂന്നു വർഷത്തിലധികമായി സംസ്ഥാന പൊലീസ് മേധാവിയാണെങ്കിലും ലോക്നാഥ് ബെഹ്റയ്ക്ക് ഇത് ബാധകമാവില്ല. ഐ.ജി തലത്തിലുള്ളവർക്കാണ് ബാധകമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാ റാം മീണ പറഞ്ഞു.
കൊവിഡ് പടരുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദമായ ആക്ഷൻ പ്ലാൻ തയ്യാറാക്കാനാരംഭിച്ചിട്ടുണ്ട്. കരട് പ്ളാൻ അടുത്തയാഴ്ച ആരോഗ്യവകുപ്പ് സമർപ്പിക്കും. പോളിംഗ് ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കും പുറമെ കൊവിഡ് രോഗികൾ, നിരീക്ഷണത്തിലുള്ളവർ, 80 വയസ് പിന്നിട്ടവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് തപാൽ വോട്ടും പരിഗണനയിലുണ്ട്.