വിജിലൻസ്, ക്രൈംബ്രാഞ്ച് കെട്ടിടങ്ങൾക്ക് ശിലാസ്ഥാപനം നടത്തി
തിരുവനന്തപുരം: അഴിമതിയെക്കുറിച്ച് രഹസ്യമായി വിവരം നൽകാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അവസരം നൽകുന്ന അഴിമതിമുക്ത കേരളം പദ്ധതി 26ന് നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് പൂന്തുറയിൽ നിർമ്മിക്കുന്ന ക്രൈംബ്രാഞ്ചിന്റെ ആസ്ഥാന മന്ദിരത്തിന്റെയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെയും കെട്ടിടങ്ങളുടെ ശിലാസ്ഥാപനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.സർക്കാർ വിജ്ഞാപനം ചെയ്യുന്ന അതോറിറ്റിക്ക് മുന്നിൽ കൃത്യമായ പരാതികൾ ഉന്നയിക്കാൻ കഴിയുന്ന വിധമാവും പദ്ധതി. അതോറിറ്റിക്ക് ലഭിക്കുന്ന പരാതികൾ ഉയർന്ന ഉദ്യോഗസ്ഥർ കണ്ടശേഷമാണ് അന്വേഷിക്കുക. പദ്ധതി നടപ്പാകുന്നതോടെ സർക്കാർ സർവീസിലെയും പൊതുരംഗത്തെയും അഴിമതി ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാലര വർഷത്തിനുളളിൽ പൊതുമരാമത്ത് വകുപ്പിലെ അഴിമതി ഗണ്യമായി കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞതായി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു.
ക്രൈംബ്രാഞ്ച്, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എന്നിവയ്ക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടസമുച്ചയമാണ് നിർമ്മിക്കുന്നത്. ക്രൈംബ്രാഞ്ച് ആസ്ഥാനവും ഇവിടെയാണ്. 34,500 ചതുരശ്രഅടിയിൽ നാല് നിലകളിലായി നിർമ്മിക്കുന്ന ക്രൈംബ്രാഞ്ച് കോംപ്ലക്സിൽ ആധുനിക സൗകര്യങ്ങളുണ്ടാവും. തിരുവനന്തപുരത്ത് പലിടത്തായുള്ള ക്രൈംബ്രാഞ്ച് ഓഫീസുകൾ ഇവിടെ പ്രവർത്തനമാരംഭിക്കും. വിജിലൻസ് കോംപ്ലക്സ് കെട്ടിടത്തിന് അഞ്ച് നിലകളിലായി 75,000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. നഗരത്തിൽ പലിടത്തായി പ്രവർത്തിക്കുന്ന അഞ്ച് വിജിലൻസ് ഓഫീസുകൾ ഇവിടേക്ക് മാറ്റും.
ചടങ്ങിൽ വി.എസ്.ശിവകുമാർ എം.എൽ.എ, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മേധാവി സുദേഷ് കുമാർ, ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്ത്, ഐ.ജിമാരായ ഗോപേഷ് അഗർവാൾ, എച്ച്.വെങ്കിടേഷ്, എസ്.പി ഹരിശങ്കർ, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ചീഫ് എൻജിനീയർ ഹൈജീൻ ആൽബർട്ട്, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് ചെയർമാൻ ഡോ.ജി.ശങ്കർ, ബീമാപളളി ഈസ്റ്റ് കൗൺസിലർ സുധീർ എന്നിവരും പങ്കെടുത്തു.