chennithala

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി , കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രചാരണജാഥ നടത്താൻ യു.ഡി.എഫ് നേതൃയോഗത്തിൽ തീരുമാനം. ഇടതുസർക്കാരിനെതിരായ പ്രക്ഷോഭവും ശക്തമാക്കും.

ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന പ്രചാരണജാഥ 22 ദിവസം നീണ്ടുനിൽക്കും. 140 നിയോജകമണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥയിൽ പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ. മുനീർ, പി.ജെ. ജോസഫ്, എൻ.കെ. പ്രേമചന്ദ്രൻ, അനൂപ് ജേക്കബ്, സി.പി. ജോൺ, ജി. ദേവരാജൻ, ജോൺ ജോൺ ഉൾപ്പെടെയുള്ളവർ പങ്കാളികളാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രചാരണജാഥയുടെ ഏകോപനത്തിന് വി.ഡി. സതീശൻ കോ-ഓർഡിനേറ്ററായി ഉപസമിതിയെയും നിശ്ചയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫിന്റെ പ്രകടനപത്രിക തയാറാക്കുന്നതിന് ബെന്നി ബെഹനാൻ ചെയർമാനും സി.പി. ജോൺ കൺവീനറുമായി ഉപസമിതിയെ യോഗം ചുമതലപ്പെടുത്തി. ജനക്ഷേമകരവും സാമൂഹ്യവികാസത്തിനുതകുന്നതുമായ പദ്ധതികൾക്ക് പ്രകടനപത്രികയിൽ ഊന്നൽ നൽകാനാണ് തീരുമാനം. ഡോ.എം.കെ. മുനീർ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, എൻ.കെ. പ്രേമചന്ദ്രൻ, ജി. ദേവരാജൻ, ജോൺ ജോൺ എന്നിവരാണ് അംഗങ്ങൾ.

ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുമായും മറ്റ് സാമൂഹ്യ, സാമുദായിക നേതാക്കളുമായും യു.ഡി.എഫ് നേതാക്കൾ ചർച്ചകൾ തുടരും. സമുദായ നേതൃത്വങ്ങൾ പല വിധത്തിലുള്ള ആശങ്കകൾ പങ്കുവയ്ക്കുന്നുണ്ടെന്നും , യു.ഡി.എഫിന് മാത്രമേ അവ പരിഹരിക്കാനാകൂ എന്നും ചെന്നിത്തല പറഞ്ഞു. അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സർക്കാർ, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാതെ ജന വിരുദ്ധനയങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. സർക്കാരിന്റെ ഓരോ നിലപാടും പൊതുജീവിതത്തിന് ആപത്കരമാണ്. കൺസൾട്ടൻസി, കരാർ, പിൻവാതിൽ നിയമനങ്ങൾ വൻതോതിൽ നടത്തി തൊഴിൽരഹിതരായ പാവപ്പെട്ട ചെറുപ്പക്കാരെ കണ്ണീര് കുടിപ്പിച്ചു. യു.ഡി.എഫ് കാലത്ത് അഞ്ച് ലക്ഷം ഭവനരഹിതർക്ക് വീട് നിർമ്മിച്ച് നൽകിയപ്പോൾ, ഈ സർക്കാർ ഒന്നര ലക്ഷം പേർക്കാണ് വീട് നൽകിയത്. കൊവിഡാനന്തരം ജനങ്ങൾ പട്ടിണിയിലും ദുരിതത്തിലുമാണെന്നും ചെന്നിത്തല പറഞ്ഞു.