sub

തിരുവനന്തപുരം: സ്ഥിര ജോലിയിൽ നിന്ന് കരാർ അടിസ്ഥാനത്തിലേക്ക് ജോലി മാറുമ്പോൾ ഉണ്ടാകുന്ന ശമ്പളനഷ്ടം ഓർത്ത് ആശങ്കയിലായിരുന്ന ശ്രീകുമാർ സ്‌കൂളിന് സമീപം എത്തി ആത്മഹത്യ ചെയ്തത് പെട്ടെന്നുള്ള പ്രകോപനം മൂലമല്ല,​ മുൻധാരണയോടെയെന്ന് വ്യക്തം. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങും മുൻപ് ഡയറിയിൽ ഏകദേശം 8 പേജുകളിലായി തനിക്കുള്ള സാമ്പത്തിക ബാദ്ധ്യതയുടെ കണക്കുകൾ അടക്കം ശ്രീകുമാർ എഴുതിയിരുന്നു. ഒപ്പം മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും കത്തും എഴുതി തയ്യാറാക്കിയാണ് ശ്രീകുമാർ ഇറങ്ങിയത്. ഇത് തനിക്കൊപ്പം സമരത്തിൽ പങ്കെടുത്ത സഹജീവനക്കാരന്റെ വീട്ടിലെത്തി ഏൽപ്പിച്ച ശേഷമാണ് ശ്രീകുമാർ ആത്മഹത്യ ചെയ്തത്.

സ്‌കൂളിന് 200 മീറ്റർ അകലെ സമീപവാസികളുടെ കാഴ്ചയെത്താത്ത സ്ഥലത്താണ് ഓട്ടോറിക്ഷ പാർക്ക് ചെയ്തത്. പിറകിലെ സീറ്റിനു താഴെ പഴയ ടയറുകളും ഇതിനുമീതെ ചണച്ചാക്കുകളും നിരത്തിയ ശേഷം അതിന് മുകളിൽ കിടന്നാണ് ശ്രീകുമാർ സ്വയം തീകൊളുത്തിയത്. സ്‌കൂളിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചാൽ അതുപയോഗിച്ച് ചിട്ടി പിടിച്ചതും കടം വാങ്ങിയതുമായ ഏകദേശം 5 ലക്ഷം രൂപ കൊടുത്തുതീർക്കണമെന്ന് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹം വീട്ടിലെത്തിച്ചാൽ വീട്ടുകാർക്ക് താങ്ങാനാകില്ലെന്നും അതിനാൽ നേരെ ശാന്തികവാടത്തിൽ ദഹിപ്പിക്കണമെന്നും കത്തിലുണ്ട്.

സംഭവത്തെ തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ സ്ഥലത്തെത്തിയ സബ് കളക്ടർ എം.എസ്. മാധവിക്കുട്ടിയെ ശ്രീകുമാറിന്റെ സഹപ്രവർത്തകൻ ഏല്പിച്ച ഡയറി പരിശോധിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ

വ്യക്തമായത്. സബ് കളക്ടറും ലേബർ ഓഫീസർ ബി.എസ്. രാജീവും കൗൺസിലർമാരായ എൽ.എസ്. സാജു, ഗായത്രി എന്നിവരും സ്‌കൂൾ അധികൃതരുമായും പ്രതിഷേധക്കാരുമായും നടത്തിയ ചർച്ചയിലാണ് ശ്രീകുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്. അതിൽ അഞ്ചു ലക്ഷം രൂപ ഇന്നലെ തന്നെ നൽകി. ശേഷിച്ച 10.5 ലക്ഷം രൂപ 20ന് നൽകാമെന്നാണ് സ്‌കൂൾ അധികൃതർ സമ്മതിച്ചത്. ഭാര്യ ബിന്ദുവിന് സ്ഥിരജോലിയും പതിനായിരം രൂപ പെൻഷനും നൽകാൻ ധാരണയായതായി പിന്നീട് സബ് കളക്ടർ അറിയിച്ചു.