udf

തിരുവനന്തപുരം: ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്ന യു.ഡി.എഫ് നേതൃയോഗം മുന്നണി വിപുലീകരണം ചർച്ച ചെയ്തില്ല. കൂടുതലും ചർച്ച ചെയ്തത് ചെന്നിത്തലയുെട നേതൃത്വത്തിലുള്ള കേരളയാത്രയെയും തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളെയും കുറിച്ചാണ്. എൻ.സി.പി ഇപ്പോഴും ഇടതുമുന്നണിയിൽ തുടരുകയും, പി.സി. ജോർജിനെ മുന്നണിയിലെടുക്കുന്നതിൽ പല കോണുകളിൽ നിന്ന് എതിർപ്പുകളുയരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ ചർച്ച മാറ്റി വച്ചത്.മുന്നണിയിൽ ചേരുന്നതിന് ആരുടെയും അപേക്ഷ മുന്നണി നേതൃത്വത്തിന് ലഭിച്ചിട്ടില്ലെന്ന് വാർത്താസമ്മേളനത്തിൽ ചോദ്യത്തിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മറുപടി നൽകി.യു.ഡി.എഫിന്റെ ഭാഗമാകണമെന്ന് ജോർജ് മാദ്ധ്യമങ്ങളിലൂടെ പറഞ്ഞതല്ലാതെ ,നേരിട്ട് ആരുമായും ചർച്ച നടത്തിയിട്ടില്ല. എൻ.സി.പി ആ മുന്നണി വിട്ട് വരുന്നത് വരെ അവരുടെ കാര്യത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ല.സീറ്റ് വിഭജന ചർച്ചകൾ എത്രയും വേഗം നടത്തും. ഇത്ര സീറ്റുകളിൽ മത്സരിക്കുമെന്ന് ഒരു ഘടകകക്ഷിയും പരസ്യമായി അവകാശപ്പെടുന്ന സ്ഥിതിയുണ്ടാവില്ല. യുവാക്കൾ, പുതുമുഖങ്ങൾ, ജനപ്രീതിയാർജിച്ചവർ എന്നിങ്ങനെ വിജയസാദ്ധ്യതയായിരിക്കും സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ മാനദണ്ഡം.സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം വേണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടിട്ടില്ല. നാട്ടിൽ വർഗ്ഗീയത അഴിച്ചുവിടാൻ മുഖ്യമന്ത്രി നടത്തിയ പ്രചാരണമാണത്. പ്രതിപക്ഷനേതാവും യു.ഡി.എഫ് ചെയർമാനുമെന്ന നിലയിലുള്ള ഉത്തരവാദിത്വം നിറവേറ്റാനാണ് താൻ ജാഥ നയിക്കുന്നത്. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുഖ്യമന്ത്രിസ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാറില്ല. കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.