തിരുവനന്തപുരം: വ്യവസായ വികസനത്തിന് കേന്ദ്രസർക്കാർ ആവിഷ്കക്കരിച്ച വ്യവസായ ഇടനാഴി പദ്ധതികൾ ഉടൻ ആരംഭിക്കും. ഹൈവേകൾ,തുറമുഖങ്ങൾ,റെയിൽവേ തുടങ്ങിയ സൗകര്യങ്ങൾ നിലവിലുള്ള മേഖലയിലാവും നടപ്പാക്കുന്നത്.
കൊച്ചി- ബംഗളൂരു ഇടനാഴി
കേരളത്തിൽ കൊച്ചി - ബംഗളൂരു പദ്ധതിക്ക് സ്ഥലമേറ്റെടുക്കൽ കേരള ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സാമ്പത്തിക സഹായത്തോടെ നടപ്പാക്കും. ഒമ്പത് മെഗാ വ്യവസായ ക്ലസ്റ്ററുകളാണ് ഇതിൽ വരുന്നത്. ഭക്ഷ്യ വ്യവസായം, ലഘു എൻജിനിയറിംഗ് വ്യവസായം, രത്നാഭരണ ക്ലസ്റ്ററുകൾ , പ്ലാസ്റ്റിക്,ഇ-വേസ്റ്റ് ,ഖരമാലിന്യ റീസൈക്ലിംഗ് ,ഓയിൽ ആൻഡ് ഗ്യാസ്,ഇലക്ട്രോണിക്സ്,ഐ.ടി.,ലോജിസ്റ്റിക്സ് ,ഓട്ടോമോട്ടീവ് എന്നിങ്ങനെ 9 ക്ലസ്റ്ററുകളാണ് ഉൾപ്പെടുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ കൊച്ചി, പാലക്കാട് മേഖല ദക്ഷിണേന്ത്യയിലെ പ്രധാന മാനുഫാക്ചറിംഗ് ഹബ് ആയി മാറും. നേരിട്ടും അല്ലാതെയുമുള്ള ആയിരക്കണക്കിന് തൊഴിലവസരങ്ങളുണ്ടാകും.
കണ്ണൂരും പാലക്കാടും 12710 കോടി രൂപയുടെ വ്യവസായ അടിസ്ഥാനസൗകര്യങ്ങളുടെ വികസന പദ്ധതിക്കാണ് കിഫ്ബി അനുമതി. കെ.ബി.ഐ.സിയുടെ പദ്ധതിക്കായി പാലക്കാട് കണ്ണമ്പ്രയിൽ 470 ഏക്കർ സ്ഥലം ഏറ്റെടുക്കും. ആദ്യഘട്ടമായി 292.89 ഏക്കർ ഏറ്റെടുക്കുന്നതിനായി 346 കോടി രൂപ കിഫ്ബി കിൻഫ്രയ്ക്ക് കൈമാറും.
ഇന്ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തുക കൈമാറും. പാലക്കാട് ജില്ലയിലെ തന്നെ ഒഴലപ്പതി,പുതുശേരി എന്നിവിടങ്ങളിൽ 1038 കോടി രൂപ ചെലവിൽ 1351 ഏക്കർ ഭൂമി കൂടി കെ.ബി.ഐ.സി പദ്ധതിക്കുവേണ്ടി ഏറ്റെടുക്കാനും കിഫ്ബി അനുമതി നൽകിയിട്ടുണ്ട്.
സംസ്ഥാനങ്ങളുടെ പങ്കാളിത്തം
വ്യവസായ നയ ഉന്നമന വകുപ്പിന് കീഴിലായി നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റാണ് രാജ്യത്തെ വ്യവസായ ഇടനാഴികളുടെ സ്ഥാപനത്തിനും വികസനത്തിനുമുള്ള അപെക്സ് ബോഡി.
ഈ പദ്ധതിയിൽ പങ്കാളിത്തമുള്ള സംസ്ഥാനങ്ങൾ, സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റിൽ കൂടി സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പിന്തുണ നൽകുന്നു.ഇതിനായി സംസ്ഥാനസർക്കാർ നിയോഗിക്കുന്ന നോഡൽ ഏജൻസി ഓഹരിപങ്കാളിത്ത കരാർ ഒപ്പുവയ്ക്കും. പദ്ധതി നടത്തിപ്പിനായി കമ്പനി രൂപീകരിക്കും.