ആമ്പല്ലൂർ: വീട്ടിൽ അതിക്രമിച്ച് കയറിയ ഒരു സംഘം ആളുകളുടെ അക്രമത്തിൽ യുവാവിന് കുത്തേറ്റു. കൈയ്ക്ക് പരിക്കേറ്റ നീലംപടവത്ത് ജോസഫിന്റെ മകൻ ജിമ്മിയെ (42) പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം.കടം ചോദിച്ച പണം കൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു. വീട്ടിലെത്തിയ ആക്രമി സംഘത്തിലൊരാൾ ജിമ്മിയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. പണം നൽകില്ലെന്ന് പറഞ്ഞതോടെ കൂടെ ഉണ്ടായിരുന്നയാൾ ജിമ്മിയെ കുത്തുകയായിരുന്നു. ഇത് കണ്ട് ഓടിവന്ന ജിമ്മിയുടെ അമ്മ റോസിയെ സംഘം കൈയേറ്റം ചെയ്തു.വീട്ടുകാരുടെ നിലവിളി കേട്ട് സമീപവാസികൾ എത്തിയതോടെ സംഘം രക്ഷപ്പെടുകയായിരുന്നു. പുതുക്കാട് പൊലീസിൽ പരാതി നൽകി.