prathi-

തൃക്കാക്കര: കാക്കനാട് ചിറ്റേത്തുകര ഭാഗത്തു നിന്നും മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം, കോട്ടക്കൽ, വാളക്കുളം മാറ്റൻ വീട്ടിൽ ജുനൈദ് (22), വെണ്ണല ചക്കരപറമ്പ് തയ്യോത്ത് വീട്ടിൽ ഷിഹാബ്(44) എന്നിവർ പിടിയിലായി.

നഗരത്തിൽ ലഹരിമരുന്നുകളുടെ ഉപയോഗത്തിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജുവിന്റെ ശക്തമായ നടപടികളുടെ ഭാഗമായി ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ സഹായത്തോടെ ഡാൻസാഫും തൃക്കാക്കര പൊലീസും നടത്തിയ ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്.

അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന 45 ഗ്രാം എം.ഡി. എം എ പ്രതികളിൽ നിന്ന് കണ്ടെടുത്തു. അയൽ സംസ്ഥാനങ്ങളിലെ ലഹരി മാഫിയ ബന്ധങ്ങൾ ഉപയോഗിച്ച് കൊച്ചിയിൽ മയക്കുമരുന്ന് എത്തിച്ച് വിദ്യാർത്ഥികളെയും യുവാക്കളെയും വില്പനക്കാരായി ഉപയോഗിക്കുന്നത് ഷിഹാബാണ്.

രണ്ടു കോടിയോളം രൂപ വിലവരുന്ന വീട്ടിൽ ഇയാൾ തനിച്ചാണ് ജീവിക്കുന്നത്. കൊച്ചിയിലെ ലഹരിമരുന്ന് ഇടപാടുകളുടെ വലിയ താവളമായിരുന്നു ഈ വീട്. കൊച്ചിയുടെ കിഴക്കൻ മേഖലകളിൽ മയക്കുമരുന്നു ഇടപാട് നടത്തുന്നതിൽ പ്രധാന കണ്ണിയാണ് ഇയാൾ.

ജുനൈദ് നിരവധി കേസിലെ പ്രതിയാണ്. മലപ്പുറത്ത് നാലുകിലോ കഞ്ചാവുമായി പിടികൂടിയ കേസ് നിലവിലുണ്ട്. അസി. കമ്മീഷൺ കെ.എ.അബ്ദുൾ സലാം, ഇൻസ്പെക്ടർ വിനോദ്, എസ്. ഐ ജോസഫ് സാജൻ,തൃക്കാക്കര എസ്.ഐ മാരായ. ജസ്റ്റിൻ,വിഷ്ണു ,ഹരോൾഡ് ജോർജ്ജ്,സീനിയർ.സി.പി.ഒ.രഞ്ചിത്ത് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.