മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം ശംഖുംമുഖത്ത് ശില്പി എത്തി
തിരുവനന്തപുരം: 'കലയിൽ വീട്ടുവീഴ്ചയില്ല, ഹെലികോപ്ടർ ശില്പത്തിനടുത്ത് പാടില്ല'- ഇന്നലെ ശംഖുംമുഖത്ത് എത്തിയ ശില്പി കാനായി കുഞ്ഞിരാമൻ മന്ത്രി കടകംപള്ളി സുരേന്ദ്രനോടും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരോടും പറഞ്ഞു. തൊട്ടപ്പുറത്തുള്ള കുട്ടികളുടെ പാർക്കിൽ ഹെലികോപ്ടർ വയ്ക്കാമെന്നും ഇപ്പോൾ ഹെലികോപ്ടർ സ്ഥാപിച്ചിരിക്കുന്ന പ്രതലത്തിൽ അനുയോജ്യമായ മറ്രൊരു ശില്പം നിർമ്മിക്കാമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടു വച്ചു.
ഇന്നലെ വൈകിട്ടാണ് മന്ത്രി ക്ഷണിച്ചതനുസരിച്ച് കാനായി ശംഖുംമുഖത്ത് എത്തിയത്. അടൂർ ഗോപാലകൃഷ്ണൻ, സക്കറിയ, സൂര്യ കൃഷ്ണമൂർത്തി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. എയർ ഫോഴ്സ് നൽകിയ ഹെലികോപ്ടർ അവിടെ സ്ഥാപിച്ചതിൽ ശില്പിക്കുണ്ടായ മനോവിഷമത്തിൽ ഖേദമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സാഗരകന്യക ശില്പം നവീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കാമെന്ന് അദ്ദേഹം അറിയിച്ചു. ഹെലികോപ്ടർ സ്ഥാപിക്കുന്നത് 68 ലക്ഷം രൂപ ചെലവായി എന്നും അതവിടെ നിലനിറുത്തിക്കൊണ്ട് പ്രദേശത്ത് കൂടുതൽ ഹരിതഭംഗി വരുന്ന രീതിയിൽ മരങ്ങളും മറ്റും വച്ചുപിടിപ്പിക്കാമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടു വച്ചു. തെറ്റായ രീതിയിൽ നിർമ്മിച്ച പാലരിവട്ടം പാലം പൊളിച്ചില്ലെ പിന്നെ ഹെലികോപ്ടർ മാറ്റിക്കൂടേ എന്നായിരുന്നു കാനായിയുടെ മറുചോദ്യം.
നാട്ടുകാരുടെ പ്രതിഷേധവും
ഇതിനിടെ പ്രദേശത്ത് എത്തിയ ഒരുകൂട്ടം ആളുകൾ ഹെലികോപ്ടർ മാറ്റുന്നതിനെ എതിർത്തു. ഹെലികോപ്ടർ മാറ്റാൻ അനുവദിക്കില്ലെന്നും നിലവിലുള്ള സ്ഥലത്തുതന്നെ അത് സ്ഥാപിക്കണമെന്നും പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ സേന നൽകിയതാണ് ഹെലികോപ്ടറെന്നും സ്ത്രീകളുൾപ്പെടെയുള്ളർ വാദിച്ചു. ഇത്തരം കാര്യങ്ങൾ ഇങ്ങനെ തുറന്ന ഇടത്ത് വാഗ്വാദം നടത്തിയല്ല തീരുമാനിക്കേണ്ടതെന്ന് സൂര്യ കൃഷ്ണമൂർത്തിയുൾപ്പെടെയുള്ളവർ പറഞ്ഞു. കുറച്ചുകൂടി സമയമെടുത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന ധാരണയാണ് പിന്നീട് ഉണ്ടായത്.