പേരാമ്പ്ര: കാലം തെറ്റിയ കനത്ത മഴ കാർഷിക മേഖലയ്ക്ക് കനത്ത ദുരിതമാവുന്നു. കഴിഞ്ഞ ഒരാഴ്ചയായി വൈകീട്ട് പെയ്യുന്ന മഴയാണ് നെല്ല്, കുരുമുളക് കർഷകർക്ക് ദുരിതമായത് .കൂത്താളി, ചങ്ങരോത്ത്, നൊച്ചാട്, കായണ്ണ, ചെറുണ്ണൂർ മേഖലകളിലെ ഏക്കർ ക്കണക്കിന് സ്ഥലത്തെ കൊയ്തടുക്കാറായ നെല്ല് മഴയിൽ വെള്ളത്തിലായി. കൂടുതൽ ദിവസം വെള്ളം പാടത്തു നിന്ന് ഒഴിയാതിരുന്നാൽ ചാഞ്ഞു കിടക്കുന്ന നെല്ലിൽ മുളപൊട്ടും. കൂത്താളിയിലെ കിഴക്കൻ പേരാമ്പ്രയിൽ 10 ഏക്കറോളം നെൽകൃഷി വെള്ളത്തിലാണ്. കായണ്ണ പുത്തരിക്കണ്ടം പാടശേഖരത്തിലെ 50 ഏക്കറോളം സ്ഥലത്ത് നെൽകൃഷി ചെയ്ത കർഷകർ കണ്ണീരിലാണ്. യന്ത്രം ഉപയോഗിച്ചാണ് ഇവിടെ കർഷകർ നെല്ല് കൊയ്തിരുന്നത്. വിളവെടുക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴാണ് നിരാശയായി മഴയെത്തിയത്. ഇനി വയലിലെ വെള്ളം കുറഞ്ഞാലേ കൊയ്ത്തു നടക്കൂ എന്നാണ് കർഷകർ പറയുന്നത്. മഴ മേഖലയിലെ കുരുമുളക് കർഷകർക്ക് പ്രതിസന്ധിയായി. തൊടിയിൽ മൂത്തു പഴുത്ത കുരുമുളക് വിളവെടുക്കാൻ തയ്യാറായി നിൽക്കുമ്പോഴാണ് മഴയെത്തിയത്. മഴയിൽ കുരുമുളക് കുതിർന്ന് വീഴുകയാണ്. മലയോരത്തെ ഏക്കർ കണക്കിന് ഭൂമിയിൽ ഇടവിളകൃഷി ചെയ്ത കർഷകർ കാട്ടു ജീവികളുടെ ഭീഷണിയെ തുടർന്ന് നിരാശരായിരിക്കുമ്പോഴാണ് നെല്ലിലും കുരുമുളകിലും പ്രതീക്ഷ പുലർത്തിയത്. അതും തകരുകയാണ്. താഴ് വാരത്ത് പച്ചകൃഷി നടത്തിയ കർഷകർക്കും മഴകണ്ണീരായി .
ജില്ലയിൽ 3 കോടി രൂപയുടെ കൃഷിനാശമുണ്ടായതായാണ് കണക്ക്. വ്യക്തികൾ നേരിട്ട് കൃഷിയിറക്കിയത് കൂടാതെ കൃഷി സംഘങ്ങൾ, സ്വാശ്രയ സംഘങ്ങൾ, പാടശേഖര സമിതികൾ, സഹകരണ ബാങ്കുകൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ കൃഷികളും വെള്ളത്തിൽ മുങ്ങി. കൊവിഡ് കാലത്ത് സർക്കാർ പ്രോത്സാഹത്തോടെ സുഭിക്ഷ പദ്ധതിയിൽ ആരംഭിച്ച പച്ചക്കറി കൃഷിയിടങ്ങളിലും പലയിടത്തും വെള്ളം കയറി. കൃഷി നശിച്ച കർഷകർക്ക് അർഹമായ ആശ്വാസ സഹായം നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.