ബാലരാമപുരം: വ്യാജരേഖകൾ ചമച്ചും അല്ലാതെയും ബാലരാമപുരം പഞ്ചായത്ത് റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘത്തിൽ 3. 94 കോടിയുടെ തട്ടിപ്പ് നടത്തിയതായി സഹകരണ സംഘം ഇൻസ്പെക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തി. നേരത്തേ, ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണത്തിലും മൂന്ന് കോടിയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടർന്ന്, സംഘം സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു. അന്വേഷണം ശക്തമായതോടെ, പ്രസിഡന്റടക്കമുള്ള ഭരണസമിതിയംഗങ്ങൾ രാജി വച്ചു. സംഘത്തിലെ 250 ൽപ്പരം നിക്ഷേപകരാണ് തട്ടിപ്പിനിരയായത്. വ്യാജ ബോണ്ടുകൾ വച്ച് സംഘത്തിന്റെ പേരിൽ ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടന്നതായും അന്വേഷണത്തിൽ തെളിഞ്ഞു. സഹകരണ ചട്ടപ്രകാരമുള്ള ജാമ്യവ്യവസ്ഥകൾ പാലിക്കാതെയാണ് കോടിക്കണക്കിന് രൂപയുടെ ചിട്ടിയും ലോണുകളും നൽകിയത്. മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഒരു കോടിയോളം രൂപയുടെ ക്രമക്കേടുകൾ കൂടി കണ്ടെത്തി തെളിവുകൾ സഹകരണ ഇൻസ്പെക്ടർക്ക് കൈമാറിയിരുന്നു. വായ്പകൾക്കും ചിട്ടിക്കും ജാമ്യമായി സൂക്ഷിച്ചിരുന്ന പല രേഖകളും അപ്രത്യക്ഷമായതിനെ തുടർന്ന് ,ബാലരാമപുരം പൊലീസും അന്വേഷണം നടത്തുകയാണ്.കേന്ദ്രമന്ത്രിയുടെ വ്യാജലെറ്റർപാഡും വ്യാജചെക്കും ഉപയോഗിച്ച് മൈക്രോഫിനാൻസ് വായ്പ ലഭ്യമാക്കുന്നതിന്റെ പേരിൽ സംഘത്തിൽ നിന്നും ലക്ഷക്കണക്കിന് രൂപ ചെലവിട്ട് ഡൽഹി യാത്രകളും നടത്തിയിരുന്നു.തിരിമറി നടത്തിയ തുക മുൻ ഭരണസമിതിയംഗങ്ങൾ തിരിച്ചടയ്ക്കണമെന്നാണ് സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ്. സംഘത്തിന് കീഴിലെ എല്ലാ ഇടപാടുകളിലും സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സാമൂഹ്യ നീതി മന്ത്രിക്കും മുഖ്യമന്ത്രിക്കും ഉൾപ്പെടെ പരാതി നൽകിയതായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ഷാജികുമാർ പറഞ്ഞു.