life

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ പാർപ്പിട സമുച്ചയ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതിക്കേസിലെ അന്വേഷണം തുടരാൻ കേരള ഹൈക്കോടതി സി.ബി.ഐയ്ക്ക് അനുമതി നൽകിയിരിക്കുകയാണ്. നാലുമാസത്തിലധികമായി സംസ്ഥാന രാഷ്ട്രീയത്തിൽ കത്തിനിൽക്കുന്ന അഴിമതി വിവാദങ്ങളിലൊന്നാണിത്. അന്വേഷണത്തിൽ നിന്ന് സി.ബി.ഐയെ പിന്തിരിപ്പിക്കാൻ സർക്കാരും ഫ്ളാറ്റ് സമുച്ചയ നിർമ്മാണത്തിന്റെ കരാർ എടുത്ത യൂണിടാക് എന്ന സ്വകാര്യ കമ്പനിയും ലൈഫ് മിഷനും സമർപ്പിച്ചിരുന്ന ഹർജികൾ ഹൈക്കോടതി തള്ളിയതോടെ കേന്ദ്ര അന്വേഷണ ഏജൻസിയുടെ അന്വേഷണ വഴി തെളിഞ്ഞിരിക്കുകയാണ്. ഫ്ളാറ്റ് നിർമ്മാണത്തിനു പിന്നിൽ അരങ്ങേറിയ അഴിമതി ചൂണ്ടിക്കാട്ടി സ്ഥലം കോൺഗ്രസ് എം.എൽ.എ നൽകിയ പരാതിയുടെ പുറത്താണ് കഴിഞ്ഞ സെപ്തംബറിൽ സി.ബി.ഐ ഈ കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സ്വകാര്യ പരാതിയിന്മേൽ സി.ബി.ഐ ഇത്തരത്തിലൊരു അന്വേഷണവുമായി മുന്നോട്ടുപോയത് ഏറെ വിവാദമാകുകയും ചെയ്തു. അതിനിടെ ലൈഫ് മിഷന്റെയും യൂണിടാക്കിന്റെയും അപേക്ഷയിൽ സി.ബി.ഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ ഈ കോഴ വിവാദത്തെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാന വിജിലൻസ് വിഭാഗത്തെ ഏല്പിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി വിജിലൻസ് കേസും രജിസ്റ്റർ ചെയ്തിരുന്നു.

തൃശൂർ ജില്ലയിലെ പാവപ്പെട്ട ഭവനരഹിതരെ ഉദ്ദേശിച്ചു തുടങ്ങിയ വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് സമുച്ചയ നിർമ്മാണം അഴിമതി വിവാദത്തിൽ പെട്ടതോടെ മുടങ്ങിക്കിടക്കുകയാണിപ്പോൾ. നിർമ്മാണത്തിലെ നിലവാരമില്ലായ്മ ഉൾപ്പെടെ പലതും പ്രശ്നമായി ശേഷിക്കുന്നുണ്ട്. നിർമ്മാണം പൂർത്തിയാകുന്നതും കാത്ത് ഏറെ പ്രതീക്ഷയോടെ കഴിഞ്ഞ പാവങ്ങൾ തങ്ങളുടെ ദുർവിധിയോർത്ത് സങ്കടപ്പെടുന്നുണ്ടാകണം. ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കാൻ ഇരുപതു കോടി രൂപ സംഭാവനയായി നൽകിയ യു.എ.ഇയിലെ സന്നദ്ധ സംഘടനയായ റെഡ്‌ക്രസന്റിനും കാണും കടുത്ത ഇച്ഛാഭംഗം. എന്നാൽ പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിലും കൈയിട്ടു വാരാൻ ഒരു മനസ്സാക്ഷിക്കുത്തുമില്ലാത്ത ഉദ്യോഗസ്ഥർക്കും ഇടനിലക്കാർക്കും ഇപ്പോഴും കൂസലൊന്നുമില്ല. കോടതിയിൽ കേസ് നടത്താനും ഞെളിഞ്ഞു നടക്കാനും ആളും അർത്ഥവുമുള്ളവരാണവർ. നഷ്ടമുണ്ടായതു മുഴുവൻ പാർപ്പിടത്തിനായി കാത്തിരുന്നവർക്കാണ്. കേസും അന്വേഷണവുമൊക്കെ ഒരുവശത്തു നടക്കുമ്പോൾത്തന്നെ സമാന്തരമായി ഫ്ളാറ്റ് നിർമ്മാണം ഏതുവിധേനയും പൂർത്തിയാക്കാനുള്ള വഴി തേടുക തന്നെ വേണം. പാതി പണി തീർന്ന ഫ്ളാറ്റുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ സർക്കാർ വിചാരിച്ചാൽ സാധിക്കും. നിയമ തടസമുണ്ടെങ്കിൽ അതു പരിഹരിക്കാനും നടപടി ഉണ്ടാകണം.

സർക്കാരിനെ സംബന്ധിച്ചിടത്തോളം ലൈഫ് കേസിൽ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി വലിയ തിരിച്ചടി തന്നെയാണ്. സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇടനിലക്കാർ വഴി വലിയ അഴിമതി നടത്തിയെന്നതിനു മതിയായ തെളിവുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്. ജനങ്ങളോട് പ്രതിബദ്ധത പുലർത്തേണ്ട ഉദ്യോഗസ്ഥരുടെ ഇത്തരം ചെയ്തികളെ അംഗീകരിക്കാൻ സർക്കാരിനാവില്ല. ഈ കേസിൽ സർക്കാരോ മന്ത്രിസഭയോ തെറ്റു ചെയ്തതായി കോടതി കരുതുന്നില്ല. ഉദ്യോഗസ്ഥരും ഇടനിലക്കാരുമാണ് സ്വാർത്ഥതാത്‌പര്യപൂർത്തീകരണത്തിന് വഴി കണ്ടെത്തിയത്. കേന്ദ്ര ഏജൻസി അന്വേഷിച്ച് അഴിമതിക്കു കൂട്ടുനിന്ന മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുനിറുത്തുന്നതിനെ എതിർക്കേണ്ട കാര്യമില്ല. സത്യസന്ധവും വിശ്വാസയോഗ്യവുമായ അന്വേഷണത്തിന് സി.ബി.ഐ ഒട്ടും പിറകിലുമല്ല.

ഭവനരഹിതരായ പാവങ്ങൾക്കുള്ള പാർപ്പിട നിർമ്മാണത്തിനായി റെഡ്‌ക്രസന്റ് സംഭാവന നൽകിയ ഇരുപതു കോടി രൂപയിൽ അഞ്ചു കോടിയിലധികം രൂപ കോഴയായി കേസിലെ പ്രതികൾ വീതിച്ചെടുത്തതായി നേരത്തെ കണ്ടെത്തിയതാണ്. ഇരുനൂറ് ഫ്ലാറ്റുകളാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും സംഭാവനത്തുകയുടെ നാലിലൊന്നിലേറെ കോഴയായി കൈമറിഞ്ഞതോടെ ഫ്ളാറ്റുകൾ 140 ആയി കുറച്ചിരുന്നു. നിർമ്മാണത്തിലെ ഗുണനിലവാരവും അതനുസരിച്ച് കുറഞ്ഞിട്ടുണ്ടെന്ന ആരോപണം നിലനിൽക്കുകയാണ്. നിർമ്മാണം ഏറ്റെടുത്ത യൂണിടാക് എന്ന സ്വകാര്യ കമ്പനിയുടെ എം.ഡി തന്നെ കോഴയുടെ കണക്കുകൾ അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിയിരുന്നു. ഒരു കോടി മുതൽ നാലു കോടി വരെ ലഭിച്ചവരുണ്ട്. കോഴപ്പണവുമായി വിദേശത്തേക്കു കടന്നവരുണ്ട്. കോൺസുലേറ്റിലെ ജോലിക്കു പുറമെ ഇതുപോലെ ഇടനിലക്കാരിയായി നിന്ന് പണം സമ്പാദിച്ചുകൂട്ടിയ കേമത്തിയുമുണ്ട്.

ലൈഫ് കേസിൽ സി.ബി.ഐ നേരത്തെ ഇട്ട എഫ്.ഐ.ആർ റദ്ദാക്കണമെന്ന സർക്കാരിന്റെയും ലൈഫ് മിഷന്റെയും അപേക്ഷയും ഹൈക്കോടതി തള്ളിയിരിക്കുകയാണ്. സി.ബി.ഐയ്ക്ക് പൂർണ സ്വാതന്ത്ര്യത്തോടെ അന്വേഷണം തുടരാനുള്ള സാഹചര്യം ഇതോടെ തെളിഞ്ഞിരിക്കുകയാണ്. കേന്ദ്ര ഏജൻസികൾ മനഃപൂർവം ഓരോ കേസുമായി വന്ന് സംസ്ഥാന സർക്കാരിന് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയാണെന്നായിരുന്നു ആക്ഷേപം. ലൈഫ് കേസിനെ മുൻനിറുത്തിയാണ് സംസ്ഥാന സർക്കാർ സി.ബി.ഐയെ പടിക്കു പുറത്താക്കാൻ പ്രത്യേക ഉത്തരവു തന്നെ ഇറക്കിയതെന്ന കാര്യവും സ്മരണീയമാണ്. കോടതി ഉത്തരവു വഴിയോ സംസ്ഥാനം ആവശ്യപ്പെടുമ്പോഴോ അല്ലാതെ സി.ബി.ഐ സംസ്ഥാനത്ത് ഒരു കേസും സ്വന്തം നിലയിൽ അന്വേഷിക്കരുതെന്നായിരുന്നു കല്പന. ലൈഫ് കേസിൽ അന്വേഷണം തുടരാൻ ഹൈക്കോടതി ഉത്തരവു വന്ന പശ്ചാത്തലത്തിൽ ഇടയ്ക്കുവച്ചു നിറുത്തേണ്ടിവന്ന അന്വേഷണവുമായി സി.ബി.ഐയ്ക്കു ഇനി മുന്നോട്ടുപോകാം. വിജിലൻസിന്റെ പക്കലുള്ള കേസ് ഫയലുകളും രേഖകളും വീണ്ടെടുക്കാം.

ഏറെ വിശ്വസ്തരായിരുന്നുകൊണ്ട് സർക്കാരിനെയും ജനങ്ങളെയും കബളിപ്പിക്കുന്ന ഉദ്യോഗസ്ഥ പ്രമുഖന്മാർ സർക്കാരിനെ എങ്ങനെയെല്ലാം കുഴിയിൽ ചാടിക്കുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ലൈഫ് കോഴക്കേസ്. സദുദ്ദേശത്തോടെ സർക്കാർ കൊണ്ടുവരുന്ന പദ്ധതികളുടെ മറ പറ്റി കോഴയ്ക്കു പഴുതുണ്ടാക്കാൻ ഉദ്യോഗസ്ഥർ എല്ലാക്കാലത്തും ശ്രമിക്കാറുണ്ട്. അത്തരക്കാരെ കണ്ടെത്തി തടയേണ്ടത് സർക്കാരിന്റെ പ്രഥമ കർത്തവ്യമാണ്. ലൈഫ് കോഴക്കേസിൽ അതുണ്ടായില്ല. അത്രയ്ക്കും വിശ്വസ്തനായിരുന്നു മുൻനിരയിൽ എന്നതു കൊണ്ടാണിത്. എന്നാൽ ഈ കോഴക്കൂട്ടത്തെ സംരക്ഷിക്കാനെന്നവണ്ണം സി.ബി.ഐ അന്വേഷണത്തിന് ഇടങ്കോലിടാൻ സർക്കാർ ശ്രമിച്ചതാണ് ഇത്രയേറെ ആരോപണങ്ങളുയരാൻ കാരണം. വിദേശ വിനിമയ ചട്ടലംഘന പ്രശ്നം കൂടി ആരോപിക്കപ്പെടുന്ന ഇത്തരമൊരു കേസിൽ കേന്ദ്ര ഏജൻസിയുടെ ഇടപെടൽ രാഷ്ട്രീയമായി മാത്രം കണ്ടതിലും വീഴ്ച പറ്റിയെന്നു വേണം കരുതാൻ.