general

ബാലരാമപുരം:ബാലരാമപുരം സഖാഖ് ഹോട്ടലിലെ തീൻമേശയിലിരുന്ന് ദിനം തെറ്റാതെ ചായകുടിക്കുന്ന സഖാവിനെ ബാലരാമപുരത്തുകാർക്ക് അങ്ങനെ പെട്ടെന്ന് മറക്കാനാവില്ല. ബാലരാമപുരം കൃഷ്ണൻകുട്ടി ഇനി കൈത്തറിനാടിന് സ്മൃതിമുഖം. മുതിർന്ന മാദ്ധ്യമപ്രവർത്തകനെന്ന നിലയിൽ ബാലരാമപുരത്തുകാർക്ക് സുപരിചിതനാണ് സഖാവ് കൃഷ്ണൻകുട്ടി. ഭ്രമമോഹികളുടെ അധികാരക്കസേരകളിൽ തെല്ലും ഭ്രമിക്കാതെ നടന്നകടന്ന പൊതുപ്രവർത്തകൻ.തിരിച്ചടികൾ പലതു നേരിട്ടെങ്കിലും സാധാരണക്കാരന്റെ പരിവേഷം മാറാതെ ബാലരാമപുരം വീഥിയിലൂടെ എന്നും കാണാൻ കഴിയുന്ന ഇടതുവിപ്ലവകാരി. പ്രസംഗവേദികളിൽ മുഖം നോക്കാതെ വെട്ടിത്തുറന്ന് പറയുന്ന ധീരനേതാവ്. കഴിഞ്ഞ 50 വർഷമായി ജില്ലയിലെ ഏറ്റവും മുതിർന്ന പ്രാദേശിക ലേഖകനായി സേവനം അനുഷ്ഠിച്ച സഖാവിന് മാനേജ്മെന്റ് അടുത്തിടെ ആദരവ് നൽകിയിരുന്നു. അതൊരു വലിയ അംഗീകാരമായിരുന്നെന്ന് സഹപ്രവർത്തകരോട് അദ്ദേഹം പറയുമായിരുന്നു. പ്രാദേശിക ലേഖകരുടെ കൂട്ടായ്മയിൽ ബാലരാമപുരം കൃഷ്ണൻകുട്ടി നിറസാന്നിദ്ധ്യമാണ്.1995 ൽ ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് എന്ന അധികാരക്കസേര തന്നിലേക്കെത്തിയപ്പോൾ വലുത് പത്രപ്രവർത്തനമാണെന്നറിഞ്ഞ് സ്വീകരിച്ച സഖാവിനെ പാർട്ടി നേതൃത്വം അഭിമാനത്തോടെ ഓർക്കുന്നു.അസുഖബാധിതനായി തുടരുന്ന വേളയിലും വാർത്തകൾ വാട്സ് ആപ്പിലൂടെ അയച്ച് നൽകി കർമ്മമേഖലയിലെ ആത്മാർത്ഥതയുടെ ആക്കം കൂട്ടി.അരനൂറ്റാണ്ടിന്റെ മാദ്ധ്യമമുഖം ഇനി ഓർമ്മപ്പൂക്കളായി മാറുകയാണ്.