ഭൂമിയുടെ ശ്വാസകോശമെന്നാണ് ലോകത്തിലെ ആകെ അന്തരീക്ഷ ഓക്സിജന്റെ 20 ശതമാനം സംഭാവന നൽകുന്ന ആമസോൺ മഴക്കാടുകൾ അറിയപ്പെടുന്നത്. എന്നാൽ ഈ നിബിഢവനാന്തരങ്ങൾ വരുന്ന 45 വർഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകുമെന്ന ഞെട്ടിക്കുന്ന പഠന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഹരിത വർണമണിഞ്ഞ് ഇടതൂർന്ന് നിൽക്കുന്ന ഈ മഴക്കാടുകൾ ഭാവിയിൽ വരണ്ടതും കുറ്റിച്ചെടികൾ മാത്രം നിറഞ്ഞതുമായ സമതല പ്രദേശമായി മാറിയേക്കുമെന്നാണ് മുന്നറിയിപ്പ്.
എൻവയോൺമെന്റ് ജേണലിലൂടെ ശാസ്ത്രജ്ഞനായ റോബർട്ട് വാക്കർ പ്രസിദ്ധീകരിച്ച പേപ്പറിലാണ് ലോകത്തെ ഏറ്റവും വലിയ മഴക്കാടായ ആമസോൺ 2064 ഓടെ ഇല്ലാതാകുമെന്ന് ചൂണ്ടിക്കാട്ടുന്നത്. വർദ്ധിച്ചു വരുന്ന വനം നശീകരണം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുള്ള വരൾച്ച എന്നിവയാണ് ആമസോണിനെ നാശത്തിന്റെ വക്കിലേക്ക് തള്ളിയിടുന്ന ഘടകങ്ങൾ.
ഒരു വനത്തിന് പ്രതിവർഷം നേരിടുന്ന വരൾച്ചയുൾപ്പെടെയുള്ള ഘടകങ്ങളിൽ നിന്ന് കരകയറാൻ നാല് വർഷത്തിൽ കൂടുതൽ വേണ്ടി വരികയാണെങ്കിൽ ആ വനത്തിന്റെ അതിജീവനം സാദ്ധ്യമല്ലെന്ന് വാക്കർ പറയുന്നു. ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനങ്ങൾ തുടരുകയാണെങ്കിൽ 2064 എത്തുന്നതിന് മുമ്പ് ആമസോണിന്റെ തെക്കൻ മേഖലകൾ ഇല്ലാതായേക്കാമെന്നും വാക്കർ മുന്നറിയിപ്പ് നൽകുന്നു. 2020ന്റെ ആദ്യ നാല് മാസം ബ്രസീലിയൻ ആമസോണിയൻ വനപ്രദേശങ്ങളുടെ 1,202 ചതുരശ്ര കിലോമീറ്റർ മേഖലയാണ് മനുഷ്യർ നശിപ്പിച്ചത്. 2019ൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ 55 ശതമാനം അധികമാണിത്.
കാട്ടുതീയുടെ എണ്ണത്തിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർദ്ധനവുണ്ടായിട്ടുണ്ട്. അതിഭീകരമായ കാട്ടുതീയായിരുന്നു 2019ൽ ആമസോണിനെ വിഴുങ്ങിയിരുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ ആമസോണിലെ കാട്ടുതീ സംഹാരതാണ്ഡവം സൃഷ്ടിച്ച പുക 2,000 മൈൽ അകലെയുള്ള ബ്രസീലിയൻ നഗരം സവോ പോളോയുടെ ആകാശത്തിൽ ഇരുളിന്റെ മറ സൃഷ്ടിച്ചിരുന്നു. മരങ്ങൾ കത്തുന്നത് വഴി പുറന്തള്ളപ്പെടുന്ന വൻ തോതിലുള്ള കാർബൺ മോണോക്സൈഡും കാർബൺ ഡൈ ഓക്സൈഡും വ്യാപിക്കുന്നത് വൻ വിപത്തുകൾ വന്നുചേരാൻ കാരണമാകും.
ചൂട് ക്രമാതീതമായി വർദ്ധിക്കുകയും ഭൂമിയിൽ ജീവന്റെ നിലനിൽപ്പ് അപകടത്തിലാവുകയും ചെയ്യും. ഏകദേശം മൂന്ന് ദശലക്ഷം സ്പീഷിസിലെ സസ്യജന്തുജീവജാലങ്ങളും ഒരു ലക്ഷത്തോളം തദ്ദേശവാസിക
ളും ജീവിക്കുന്ന ആമസോൺ നദീതടപ്രദേശം ആഗോളതാപനത്തെ ചെറുക്കുന്നതിൽ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഇവിടുത്തെ മഴക്കാടുകൾ ദശലക്ഷക്കണക്കിന് ടൺ കാർബൺ ഡൈ ഓക്സൈഡാണ് ആഗിരണം ചെയ്യുന്നത്.
ആമസോൺ മഴക്കാടുകളിലൂടെ ഒഴുകുന്ന ആമസോൺ നദിയെ 35 ദശലക്ഷം പേർ ആശ്രയിക്കുന്നതായാണ് കണക്ക്. വികസനത്തിന്റെയും കൃഷിയുടെയും പേരിലാണ് മനുഷ്യർ ആമസോണിൽ വന നശീകരണം നടത്തുന്നത്.