തിരുവനന്തപുരം: ഹരിപ്പാട്ടെ എൻ.ടി.പി.സി കേന്ദ്രീയ വിദ്യാലയം നിലനിറുത്താൻ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയിൽ പറഞ്ഞു. നിലവിൽ എൻടിപിസിയുടെ സ്പോൺസർഷിപ്പോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. സ്കൂളിന്റെ നടത്തിപ്പ് കേന്ദ്രീയവിദ്യാലയ സമിതിക്ക് പാട്ടത്തിന് നൽകാമെന്ന് എൻ.ടി.പി.സി അറിയിച്ചിട്ടുണ്ട്. അങ്ങനെയായാൽ സ്കൂൾ പ്രോജക്ട് സെക്ടറിൽ നിന്ന് സിവിൽ സെക്ടറിലേക്ക് മാറും. സ്കൂളും ഭൂമിയും പാട്ടത്തിനായി വിട്ടുനൽകാൻ എൻ.ടി.പി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിവർഷം സ്കൂളിന്റെ പ്രവർത്തന ചെലവ് നാലുകോടി രൂപയാണ്. 2022മാർച്ച് വരെയേ സ്പോൺസർഷിപ്പുണ്ടാവു എന്ന് എൻ.ടി.പി.സി അറിയിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.