കൊവിഡ് കാരണം സ്കൂളിൽ പോകാനാകാതെ വീട്ടിൽ കഴിയുന്ന കുട്ടികൾ നേരിടേണ്ടിവരുന്ന മറ്റൊരു വെല്ലുവിളിയാണ് വിഷാദരോഗം. രാവിലെ മുതൽ വൈകും വരെ തുടർച്ചയായി നീണ്ടുനിൽക്കുന്ന സങ്കടഭാവം അല്ലെങ്കിൽ ദേഷ്യഭാവം, ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങളിലെ താത്പര്യമില്ലായ്മ, അകാരണ ക്ഷീണം, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, ഏകാഗ്രതക്കുറവ്, ചിന്തകളുടെയും പ്രവൃത്തികളുടെയും ഗതിവേഗത്തിലുണ്ടാകുന്ന കുറവ്, നിരാശയും പ്രതീക്ഷയില്ലായ്മയും, മരണചിന്തയും ആത്മഹത്യാപ്രവണതമെല്ലാമാണ് വിഷാദത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. ഇതിൽ അഞ്ച് ലക്ഷണമെങ്കിലും തുടർച്ചയായി കണ്ടാൽ വിഷാദം സംശയിക്കണം. ലഘുവായ വിഷാദത്തിന് മനഃശാസ്ത്ര ചികിത്സയും തീവ്രമായതിന് മരുന്നും വേണ്ടിവരും. കുട്ടികൾക്കായി സുരക്ഷിതമായ, പാർശ്വഫലങ്ങളില്ലാത്ത മരുന്നുകൾ നിലവിലുണ്ട്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ വേഗത്തിൽ മാനസികാരോഗ്യ വിദഗ്ദ്ധനെ സമീപിക്കണം. ചികിത്സ ലഭിക്കാത്ത വിഷാദം ആത്മഹത്യക്ക് കാരണമായേക്കും.
ലഹരിയുടെ സൂചനകൾ
ലഹരി ഉപയോഗമാണ് അഞ്ചാമത്തെ വെല്ലുവിളി. ലോക്ഡൗൺ കാലത്ത് ഇവയുടെ ലഭ്യത കുറഞ്ഞെങ്കിലും ഇപ്പോൾ അത് മാറി. കുട്ടികളുടെ ലഹരി ഉപയോഗ സൂചനകൾ ഇവയാണ് ; ദീർഘനേരം മുറിയടച്ചിരിക്കൽ, ആശയവിനിമയത്തിന്റെ കുറവ്, അകാരണമായ ദേഷ്യം, ശരീരം ക്ഷീണിക്കൽ, ശരീരത്തിൽ രക്തം വരുന്നത് ഉൾപ്പെടെ മുറിപ്പാടുകൾ, കണ്ണുകൾക്ക് ചുവപ്പ് നിറം, രാത്രിയിൽ ഉറക്കക്കുറവ്, പഠിക്കാൻ സാധിക്കാതെ വരിക, പഴയ സുഹൃത്തുക്കളെ ഒഴിവാക്കി പുതിയ സുഹൃത്തുക്കൾ പ്രത്യക്ഷപ്പെടുന്നു. ഇത്തരം സന്ദർഭങ്ങളിൽ അവരെ അടുത്തിരുത്തി മനസ് തുറക്കാൻ അനുവദിക്കുക, പിന്തുണ നല്കി കെണിയിൽ നിന്ന് പുറത്തുകൊണ്ടുവരാം. തീവ്രമായ അടിമത്തമാണെങ്കിൽ മാനസികാരോഗ്യ വിദഗ്ദ്ധനെ കാണണം.
തീവ്രമായ ഉത്കണ്ഠ
ഉത്കണ്ഠാ രോഗങ്ങളാണ് ആറാമത്തെ വെല്ലുവിളി. ഉറക്കക്കുറവ്, ഞെട്ടൽ, വെറുതെയിരിക്കുമ്പോൾ അമിതമായ നെഞ്ചിടിപ്പ്, ശ്വാസംകിട്ടാതെ വരിക, കണ്ണിൽ ഇരുട്ട് കയറുക, നിസാരകാര്യത്തിന് കൈകാലുകൾ വിറയ്ക്കുക, പെട്ടെന്നുള്ള ബോധക്ഷയം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. സ്കൂളിൽ പോയിരുന്നതുവഴി കായിക വ്യായാമങ്ങൾക്ക് അവസരമുണ്ടായിരുന്ന കുട്ടികൾക്ക് അത് നിലച്ചത് അമിത ഉത്കണ്ഠയുണ്ടാക്കുന്നു. ദീർഘശ്വസന വ്യായാമം പരിശീലിക്കുക. ചിന്തകൾ ക്രമീകരിക്കാൻ സഹായിക്കുന്ന മനഃശാസ്ത്ര ചികിത്സയിലൂടെയും ഉത്കണ്ഠ കുറയ്ക്കാം. തീവ്രമായ ഉത്കണ്ഠയ്ക്ക് മരുന്നുകൾ ഉപയോഗിക്കണം.
രോഗിയാണെന്ന തോന്നൽ
മനോജന്യ ശാരീരിക ലക്ഷണങ്ങളാണ് ഏഴാമത്തെ വെല്ലുവിളി. ഉദാഹരണമായി, തീവ്രമായ ശ്വാസംമുട്ടൽ ,അപസ്മാര സമാനമായ ചലനങ്ങൾ, നടുവേദന, തീവ്രമായ തലവേദന . ഡോക്ടറെ കാണിച്ച് സ്കാനിംഗ് അടക്കം പരിശോധനകൾ നടത്തിയാലും രോഗങ്ങൾ കണ്ടെത്താനാവില്ല. മാനസിക സമ്മർദ്ദം തീവ്രമാകുമ്പോൾ പ്രത്യക്ഷപ്പെടുന്ന ശാരീരിക ലക്ഷണങ്ങളെയാണ് മനോജന്യ ശാരീരിക ലക്ഷണങ്ങൾ എന്ന് പറയുന്നത്. നിയന്ത്രണങ്ങളുടെ കാലഘട്ടത്തിൽ കുട്ടികളിൽ വ്യാപകമാണിത്. കൃത്യമായ ചികിത്സയിലൂടെ പരിഹരിക്കണം. കാരണം തലച്ചോറിലെ നാഡീകോശങ്ങളുടെ ഇടയിലുള്ള രാസവസ്തു വ്യതിയാനം ഇത്തരം അവസ്ഥയിലേക്ക് നയിക്കാം. രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കുന്ന മരുന്നുകളും ചിന്താവൈകല്യം തിരുത്താനുള്ള മന: ശാസ്ത്ര ചികിത്സയും ജീവിതശൈലീ ക്രമീകരണവും വഴി ഇത് പൂർണമായും മാറ്റിയെടുക്കാം.
സന്തോഷം നിറയ്ക്കുക
കുട്ടികളെ സന്തോഷമുള്ളവരായി നിലനിറുത്തുക. കായികവ്യായാമത്തിന് അവസരം നല്കുക. വ്യക്തിയായി കണ്ട് അംഗീകരിക്കുക. സർഗവാസനകളെ പ്രോത്സാഹിപ്പിക്കുക. സംഗീതത്തിലോ പാചകത്തിലോ ചിത്രകലയിലോ പ്രാവീണ്യമുള്ള കുട്ടിക്കായി യൂട്യൂബ് ചാനൽ തുടങ്ങി അംഗീകാരത്തിന് അവസരമൊരുക്കുക തുടങ്ങിയവയാണ് കുട്ടികളിൽ സന്തോഷം നിറയ്യ്ക്കാനുള്ള പോംവഴികൾ