film

സിനിമാപ്രേമികൾക്ക് ഏറ്റവും ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് ഫിലിം ഫെസ്‌റ്റിവലുകൾ. കൊവിഡിന്റെ പശ്ചാത്തലത്തിൽ പഴയതിൽ നിന്ന് വ്യത്യസ്തമായ ക്രമീകരണങ്ങളോടെയാണ് ഇത്തവണ പല ഫിലിം ഫെസ്‌റ്റിവലുകളും അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, സവിശേഷവും എല്ലാത്തിലും 'ഹൈ ലെവൽ' സുരക്ഷയോട് കൂടിയതും എന്ന് അവകാശപ്പെടുന്നതുമായ ഒരു ഫിലിം ഫെസ്‌റ്റിവലാണ് യൂറോപ്യൻ രാജ്യമായ സ്വീഡനിൽ ഒരുങ്ങുന്നത്. സ്വീഡനിലെ പ്രസിദ്ധമായ ഗോഥൻബർഗ് ഫിലിം ഫെസ്‌റ്റിവലിനെ പറ്റിയാണ് പറഞ്ഞു വരുന്നത്.

സിനിമ കാണാനായി ഒരു വ്യക്തിയെ, ഒരു പഴയ ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്ന ചെറു ദ്വീപിൽ എത്തിക്കും. ഈ മാസം 7 ദിവസമാണ് വ്യക്തിയെ ദ്വീപിൽ പാർപ്പിച്ച് സിനിമ കാണിക്കുക. ! പക്ഷേ, ഒരു നിബന്ധന; ' ദ ഐസൊലേറ്റഡ് സിനിമ ' എന്നറിയപ്പെടുന്ന ഈ സംവിധാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നയാൾ പൂർണമായും ഐസൊലേറ്റഡ് ആയിരിക്കണം. അതായത്, തങ്ങളുടെ ഫോൺ കൈയ്യിൽ കരുതാൻ പോലും അവരെ അനുവദിക്കില്ല. ദ്വീപിൽ ഒരാഴ്ച 60 സിനിമകൾ കാണാം. കടലും സിനിമയും ആ വ്യക്തിയും മാത്രം. മറ്റാരുമായും ഒരു ബന്ധവും കാണില്ല. ശരിക്കും ഉഗ്രൻ സോഷ്യൽ ഡിസ്റ്റൻസ് തന്നെ.

ആർക്കു വേണമെങ്കിലും ഇതിനായി അപേക്ഷിക്കാമെന്നും എന്നാൽ ഒരാളെ മാത്രമേ തിരഞ്ഞെടുക്കൂ എന്നും ഫിലിം ഫെസ്റ്റിവലിന്റെ വെബ്സൈറ്റിൽ പറയുന്നു. സ്വീഡന്റെ പടിഞ്ഞാറൻ തീരത്തുള്ള കുഞ്ഞൻ ദ്വീപിലെ ലൈറ്റ് ഹൗസിന്റെ പേര് പാറ്റർ നോസ്റ്റർ എന്നാണ്. വെറുതെ സിനിമ കണ്ടാൽ മാത്രം പോരാ. ദിവസവും തങ്ങൾ കണ്ട ചിത്രത്തെ പറ്റിയും കടലിന് നടുവിലുള്ള ഒറ്റപ്പെട്ട ദ്വീപിലെ ഏകാന്തവാസത്തിന്റെ അനുഭവങ്ങളെ പറ്റിയും വീഡിയോ ഡയറിയുടെ രൂപത്തിൽ റിപ്പോർട്ട് സമർപ്പിക്കുകയും വേണം. ലൈറ്റ് ഹൗസ് കീപ്പർമാർ താമസിച്ചിരുന്നിടം നവീകരിച്ചിട്ടുണ്ട്. ഇവിടെയാണ് സിനിമാ പ്രദർശനം.

തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയ്ക്ക് ഒരാഴ്ച താമസിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. ഗോഥൻബർഗിലെ സ്കാൻഡിനേവിയം അരീന, ഡ്രേകൻ സിനിമ എന്നിവിടങ്ങിലും സമാന രീതിയിൽ ഐസൊലേറ്റഡ് ഫിലിം സ്ക്രീനിംഗ് നടത്തും. രണ്ടിടത്തും ഒന്നിലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കുമെങ്കിലും ഒരു ഷോയിൽ ഒരാൾക്ക് മാത്രമാണ് അവസരം.

വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. ' ഐസൊലേറ്റഡ് സിനിമ ' യ്ക്കായുള്ള വ്യക്തിയെ ജനുവരി 19 ഓടെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ജനുവരി 30 മുതൽ ദ്വീപിൽ കഴിയണം. സിനിമ, ചർച്ച തുടങ്ങിയവ ഉൾപ്പെടെ ഫിലിം ഫെസ്റ്റിവലിന്റെ ബാക്കി ഭാഗം വെർച്വലായാണ് നടത്തുന്നത്.