തിരുവനന്തപുരം: മാനേജ്മെന്റ് അടച്ചുപൂട്ടിയ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയുടെ വേളിയിലെ യൂണിറ്റ് ഉടൻ തുറക്കണമെന്നും തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകണമെന്നും സർക്കാർ നിർദ്ദേശിച്ചതായി മന്ത്രി ടി.പി. രാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. 270സ്ഥിരം തൊഴിലാളികളും 770 താത്കാലികക്കാരുമുണ്ട്.1500പേർ അനുബന്ധ മേഖലയിൽ പണിയെടുക്കുന്നു. സർക്കാരുമായുണ്ടാക്കിയ ശമ്പളപരിഷ്കരണ കരാർ കമ്പനി നടപ്പാക്കിയില്ല.കരാർ ലംഘനം നടത്തിയതിന് കമ്പനിക്കെതിരെ നിയമനടപടിയെടുക്കും. ബോണസും എക്സ് ഗ്രേഷ്യയും നൽകാത്ത അടച്ചുപൂട്ടലിന് നിയമസാധുതയുമില്ല. എട്ടുതവണ അനുരഞ്ജന ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തൊഴിലാളികൾക്ക് ലേ ഒഫ് കോമ്പൻസേഷനും നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അഞ്ചുമാസമായി കമ്പനി അടച്ചിട്ടിരിക്കുകയാണെന്നും തൊഴിലാളികൾ പട്ടിണിയിലാണെന്നും സബ്മിഷൻ അവതരിപ്പിച്ച് വി.എസ്. ശിവകുമാർ പറഞ്ഞു. കൊവിഡ് സമാശ്വാസം പോലും നൽകിയില്ല. ശമ്പളകുടിശികയടക്കം തൊഴിലാളികൾക്ക് ലക്ഷക്കണക്കിന് രൂപ കിട്ടാനുണ്ട്.ആത്മഹത്യ ചെയ്ത പ്രബുലകുമാറിന്റെ ഭാര്യയ്ക്ക് ജോലി നൽകണമെന്നും രണ്ട് കുട്ടികൾക്ക് 25ലക്ഷം വീതം നൽകണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.