വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി നിത്യ ദാസ്. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, കുടുംബസമേതം പഞ്ചാബിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നിത്യ. പഞ്ചാബിലെ കടുകു പാടങ്ങൾക്കു നടുവിലൂടെ സൈക്കിൾ ഓടിച്ചും നടന്നുമെല്ലാം യാത്ര ആസ്വദിക്കുന്ന നിത്യയെ ആണ് വീഡിയോയിൽ കാണാനാവുക.
മകൾ നൈനക്കൊപ്പമുള്ള കിടിലൻ നൃത്തത്തിന്റെ വീഡിയോകളും നിത്യ പങ്കുവച്ചിരുന്നു. ‘ഉടി ഉടി ജായേ’ എന്ന ഹിന്ദി ഗാനത്തിനൊത്താണ് നിത്യയുടെയും മകളുടെയും കൂട്ടുകാരിയുടെയും ഡാൻസ്.
കോഴിക്കോട് ബീച്ച് റോഡിലുളള ഫ്ലാറ്റിലാണ് നിത്യയും കുടുംബവും താമസം. 2001 ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് അഭിനയരംഗത്തെത്തിയത്. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007 ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ. വിവാഹശേഷം മിനിസ്ക്രീനിൽ നിത്യ ദാസ് തിളങ്ങി നിന്നിരുന്നു. മലയാളം, തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളിൽ അഭിനയിച്ചു. 2007ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിംഗ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.