l

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ഒരു ചെറിയ മഴ പെയ്താൽ പോലും നിരവധി വീടുകളിൽ വെള്ളം കയറും. അമ്മൻകോവിൽ പിള്ളയ്ക്ക് വിളാകം, കുന്നുംപുറം, നാഗരുകാവ്, വൈകുണ്ഡം എന്നീ പ്രദേശങ്ങൾ മഴ പെയ്താൽ വെള്ളത്തിനടിയിലാകും. ഈ പ്രദേശങ്ങളിൽ പെയ്യുന്ന മഴവെള്ളം ഓടകളിലും ചാലുകളിലൂടെ ഒഴുകി പുത്തൻ നട തോട്ടിൽ എത്തി മടവാ പാലം വഴി മീരാൻ കടവ് കായലിൽ ചേരേണ്ടതായിരുന്നു. എന്നാൽ ഈ ചാലുകൾ കൈയേറ്റം മൂലവും മാലിന്യങ്ങൾ കൊണ്ടിടുന്നത് കാരണവും പലഭാഗങ്ങളും അടഞ്ഞുകിടക്കുന്ന അവസ്ഥയിലാണ്. ഇതുമൂലം വെള്ളം ഒഴുകി കായലിൽ പോകുന്നതിന് തടസങ്ങൾ നേരിടുന്നു. കഴിഞ്ഞ മഴക്കാലത്ത് വാർഡ് മെമ്പറായിരുന്ന എസ്. പ്രവീൺ ചന്ദ്ര മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് അസി. എക്സിക്യൂട്ടീവ് എൻജിനിയർ അനിൽകുമാർ, അസി. എൻജിനിയർ അശ്വതി അടക്കമുള്ള ഉദ്യോഗസ്ഥർ അടങ്ങിയ സംഘം പ്രദേശത്ത് എത്തുകയും ചാലുകളും തോടുകളും മറ്റും നോക്കിക്കാണുകയും ചെയ്തു. അടിയന്തരമായി ഈ വിഷയം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് സംഘം ഉറപ്പുനൽകി. എസ്. പ്രവീൺ ചന്ദ്ര, ലിജാബോസ്, ഡോൺ ബോസ്കോ എന്നിവരും ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.