k-raju

തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ഇക്കോ സെൻസിറ്റീവ് സോണിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കാൻ കേന്ദ്രത്തിന് ശുപാർശ നൽകിയതായി മന്ത്രി കെ. രാജു നിയമസഭയിൽ പറഞ്ഞു. വനനശീകരണം തടയാനും വന്യജീവി - മനുഷ്യ സംഘർഷം ഇല്ലാതാക്കാനും സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് സോൺ രൂപീകരിക്കുന്നത്. ഒരു ഹെക്ടറിൽ പത്തു വീടുണ്ടെങ്കിൽ ജനവാസ മേഖലയായി കണക്കാക്കും. ഇക്കോ സെൻസിറ്റീവ് സോൺ ജനങ്ങളുടെ ഉപജീവനത്തെ ബാധിക്കില്ല. വ്യാവസായിക ഖനനം, അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ, വൻകിട ജലവൈദ്യുത പദ്ധതികൾ, മലിനജലം ഒഴുക്കുന്നത്, ഹോട്ട് എയർ ബലൂൺ പറത്തുന്ന ടൂറിസം പദ്ധതികൾ എന്നിവയ്‌ക്കാണ് വിലക്ക്. കൃഷി, വീട് നിർമ്മാണം, റോഡ് വീതികൂട്ടൽ, വൈദ്യുതി ലൈൻ വലിക്കൽ, രാസവളം ഉപയോഗിക്കൽ എന്നിവയ്ക്ക് വിലക്കില്ലെന്നും ഇ.എസ്. ബിജിമോളുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.