mullappalli

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിലെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

അഴിമതിരഹിത സർക്കാരെന്ന് യശസ് നേടിയെന്ന് പെരുമ്പറ മുഴക്കുന്ന മുഖ്യമന്ത്രി എന്തിനാണ് സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നതെന്ന് മുല്ലപ്പള്ളി ചോദിച്ചു.കുറ്റം ചെയ്തില്ലെന്ന ഉത്തമബോധ്യം മുഖ്യമന്ത്രിക്ക് ഉണ്ടെങ്കിൽ സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യാനുള്ള രാഷ്ട്രീയ ആർജ്ജവവും സത്യസന്ധതയും അദ്ദേഹം കാട്ടണം.ഒളിച്ചുവയ്ക്കാൻ പലതുമുള്ളതിനാലാണ് മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണത്തെ എതിർത്തത്.

അഴിമതി തൊട്ടുതീണ്ടാത്തവരാണ് തങ്ങളെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ട് നിമിഷങ്ങൾക്കകമാണ് ലൈഫ് മിഷൻ പദ്ധതി ക്രമക്കേട് അന്വേഷിക്കാൻ ഹൈക്കോടതി സി.ബി.ഐയ്ക്ക് അനുമതി നൽകിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.