bus

കൊച്ചി: വിനോദ സഞ്ചാരകേന്ദ്രങ്ങളും കോളേജുകളും സ്കൂളുകളും തുറന്നത് ജില്ലയിലെ സ്വകാര്യ ബസുടമകൾക്ക് പ്രതീക്ഷ നൽകുന്നു. കൊവിഡ് മൂലം നിറുത്തിവച്ചിരുന്ന സർവീസുകളിൽ 90 ശതമാനം ബസുകളും പുനരാരംഭിച്ചു. താത്കാലികമായി റദ്ദാക്കിയ പെർമിറ്റുകളും ബസുടമകൾ തിരിച്ചെടുത്ത് സർവീസുകൾ ആരംഭിച്ചു.

സ്കുളുകളും കോളേജുകളും തുറന്നത്തോടെ ബസ് സർവീസുകളെല്ലാം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർ എത്തിതുടങ്ങിയതിനാൽ രാവിലെയും വെെകിട്ടും ബസുകളിൽ തിരക്ക് വർദ്ധിച്ചു. ഉച്ചസമയങ്ങളിൽ ഇപ്പോഴും ബസുകളിൽ യാത്രക്കാർ കുറവാണ്. അതിനാൽ തന്നെ ആശങ്ക വിട്ടൊഴിയുന്നില്ലെന്ന് ബസുടമകൾ പറയുന്നു. കൊവിഡ് കാലത്ത് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചതു മാത്രമാണ് ഉടമകളുടെ ഏക ആശ്വാസം.

ജി.ഫോം തിരിച്ചെടുക്കുന്നു

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നത്തോടെ ബസുകൾ പകുതി സർവീസുകൾ ആരംഭിച്ചെങ്കിലും യാത്രക്കാർ കയറാത്ത അവസ്ഥയായിരുന്നു. കൊവിഡ് ഭീതിയിൽ ആളുകൾ യാത്ര സ്വന്തം വാഹനത്തിലേക്ക് മാറ്റിയത് ബസുകൾക്ക് തിരിച്ചടിയായി. ഇത് സാമ്പത്തിക പ്രതിസന്ധി വർദ്ധിപ്പിച്ചതിനാൽ പകുതി ബസുകടകളും ആർ.ടി. ഓഫീസുകളിൽ ജി. ഫോം സമർപ്പിച്ച് പെർമിറ്റുകൾ താത്ക്കാലികമായി മരവിപ്പിച്ചിരുന്നു. യാത്രക്കാർ വർദ്ധിച്ചതോടെ കൂടുതൽ ബസുടമകൾ ജി. ഫോം മടക്കിവാങ്ങി സർവീസ് പുനരാരംഭിച്ചതായി ഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു.

പ്രതീക്ഷ കെെവിടാതെ

കൊച്ചി നഗരത്തിൽ 500 ഓളം ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. ഇതിൽ 1000 ത്തോളം ജീവനക്കാരുമുണ്ട്. 1200 രൂപ ബാറ്റ വാങ്ങിയിരുന്ന ഡ്രെെവർക്ക് 600 രൂപയും 1000 രൂപ വാങ്ങിയിരുന്ന കണ്ടക്ടർക്ക് 500 രൂപയുമാണ് ഇപ്പോൾ ലഭിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ജീവനക്കാരുടെ കൂലിയും ഡീസൽ ചെലവും മാറ്റിവെച്ചാൽ മിച്ചം ഒന്നും കാണില്ല. സ്കുളുകളും കോളേജുകളും തുറന്നത് വരുമാനത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകില്ല. ഈ സാഹചര്യത്തൽ ബസുടമകൾ അടയ്ക്കേണ്ട നികുതിയും വെൽഫെയർ ഫണ്ടും ആറ് മാസത്തേക്കെങ്കിലും ഒഴിവാക്കണമെന്നതാണ് ബസുടമകളുടെ പ്രധാന ആവശ്യം.

നികുതി ഒഴിവാക്കണം

വർദ്ധിപ്പിച്ച ടിക്കറ്റ് നിരക്ക് കുറയ്ക്കാത്തതാണ് ഏക ആശ്വാസം. പക്ഷേ ഉച്ചയ്ക്ക് ബസുകൾ ആളില്ലാതെ സർവീസ് നടത്തുന്നത് പ്രതിസന്ധിയാവുകയാണ്. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത് പ്രായോഗികമല്ലാത്തത് കൊണ്ട് നികുതി കുറച്ചുനാളത്തേയ്ക്ക് എങ്കിലും ഒഴിവാക്കി തരിക എന്നതാണ് പ്രതിവിധി.

എം.ബി സത്യൻ

സംസ്ഥാന സെക്രട്ടറി

പ്രെെവറ്റ് ബസ് ഓപ്പറ്റേഴ്സ് ഫെഡറേഷൻ