elephant

പാണത്തൂർ : കാസർകോട് ജില്ലയിലെ വന്യമൃഗ ശല്യം നേരിടാൻ കർണാടകത്തിലെ കാടിറങ്ങിവരുന്ന കാട്ടാനകളെ കർണാടക വനത്തിലേക്ക് തുരത്താൻ ഓപ്പറേഷൻ ഗജ പദ്ധതി ശക്തിപ്പെടുത്തുന്നു. ഇതിനായി മറ്റ് ജില്ലകളിലെ പ്രാവീണ്യമുള്ളവരെ ഉപയോഗിക്കുന്നുണ്ട്. അതിർത്തിയിൽ താത്കാലിക വാച്ചർമാരെയും നിയോഗിക്കും.

അതിർത്തിമേഖലയിലെ ജനവാസകേന്ദ്രങ്ങളിലിറങ്ങിയ കാട്ടാനകളെ ഓപ്പറേഷൻ ഗജദൗത്യത്തിലൂടെ കഴിഞ്ഞ മാസം വിവിധ ജില്ലകളിലെ നൂറുകണക്കിന് വനപാലകർ ചേർന്ന് കർണാടക വനത്തിലേക്ക് തുരത്തിയിരുന്നെങ്കിലും കാട്ടാനക്കൂട്ടം വീണ്ടും തിരിച്ചെത്തുകയായിരുന്നു. ഇതെ തുടർന്നാണ് ഗജ കൂടുതൽ ശക്തിപ്പെടുത്താൻ വനംവകുപ്പ് തീരുമാനിച്ചത്.

ആഡൂർ ,​ചാമക്കൊച്ചി, അന്നടുക്കം മേഖലകളിലാണ് കൂടുതലും ആനകളുടെ ശല്യമുള്ളത്.ഓപ്പറേഷൻ ഗജ എന്ന പേരിൽ വനപാലകർ 10 ദിവസത്തോളം കഠിനപ്രയത്‌നം നടത്തിയാണ് ആനകളെ കർണാടക വനത്തിലേക്ക് തുരത്തിയത്. പടക്കങ്ങൾ പൊട്ടിച്ചും നാട്ടുകാരുടെ സഹായത്തോടെയാണ് 150 ഓളം വരുന്ന ടീം കാട്ടാനകളെ കർണാടകയിലേക്ക് തുരത്തിയത്.

മാസങ്ങളോളം കാട്ടാനകൾ ദേലംമ്പാടി, കാറഡുക്ക, മുളിയാർ വനമേഖലയിൽ തമ്പടിച്ച് രാത്രികാലങ്ങളിൽ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയും ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായിരുന്നു. ഇതേ തുടർന്ന് മന്ത്രി ഇ ചന്ദ്രശേഖരന്റെ നിർദ്ദേശ പ്രകാരം കളക്ടറുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് കാട്ടാനകളെ തുരത്താൻ പദ്ധതി തയ്യാറാക്കുകയായിരുന്നു.പുലിപ്പറമ്പിലെ വനാതിർത്തി വഴിയാണ് ഇവയെ കാട്ടിലേക്ക് കടത്തിവിട്ടത്. തൊട്ടുപിന്നാലെ ഇവിടെ സൗരോർജവേലി പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തി തുടങ്ങിയിരുന്നെങ്കിലും ഇനിയും പൂർത്തിയായിട്ടില്ല.

വേലി പ്രവർത്തനരഹിതം

വനാതിർത്തിയിൽ മറ്റു പല സ്ഥലങ്ങളിലും വേലി പ്രവർത്തനരഹിതമാണ്. ഈ പഴുതുകളിലൂടെയാണ് ആനകൾ തിരിച്ചെത്തുന്നത്. കാട്ടിൽ വരൾച്ചക്കാലമൊന്നും തുടങ്ങിയിട്ടില്ലെങ്കിലും നാട്ടിലെ കാർഷികവിളകളുടെ രുചിയറിഞ്ഞ ആനകൾ വീണ്ടും അവ തേടിയെത്തുകയാണ്. കർണാടക വനപാലകർ കാട്ടാനകളെ ഇങ്ങോട്ട് തുരത്തുന്നതാണ് ആനകൾഇങ്ങോട്ട് തന്നെ തിരിച്ചു വരാൻ കാരണം.

പരിശീലനം നേടിയ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് നാട്ടുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കും. അതിനായാണ് ഗജ പദ്ധതി ശക്തിപ്പെടുത്തുന്നത്.കൂടുതൽ സ്ഥലങ്ങളിൽ ആന പ്രതിരോധ കിടങ്ങ് നിർമ്മിക്കും-കെ. കുഞ്ഞിരാമൻ എം. എൽ. എയുടെ സബ്മിഷന് മന്ത്രി കെ. രാജുവിന്റെ മറുപടി