കാത്തിരുന്ന കണ്മണി പിറന്നതിന്റെ സന്തോഷത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് നടി അനുഷ്‌ക ശർമ്മയും. ജനുവരി പതിനൊന്നിനായിരുന്നു അനുഷ്‌ക ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ട്വിറ്ററിലൂടെ കോലി തന്നെയാണ് സന്തോഷ വിവരം പുറംലോകത്തെ അറിയിച്ചത്. വൈകാതെ താരദമ്പതികൾക്കും കുഞ്ഞിനും ആശംസാപ്രവാഹമായി.
സോഷ്യൽ മീഡിയ പേജുകൾ നിറയെ ദമ്പതിമാരെ കുറിച്ചുള്ള വാർത്തകളായിരുന്നു. കുഞ്ഞിന്റെ ആദ്യ ചിത്രം കാണാൻ വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഒടുവിൽ ആരാധകർക്ക് ചെറിയൊരു സന്തോഷവുമായി വിരാടിന്റെ സഹോദരനും സഹോദരിയുമെല്ലാം വന്നിരിക്കുകയാണ്. കുഞ്ഞിന്റെ ആദ്യ ചിത്രം പങ്കുവച്ചിരിക്കുന്നത് സഹോദരൻ വികാസ് കോലിയാണ്. മുഖം കാണിച്ചില്ലെങ്കിലും ബ്ലാങ്കെറ്റിൽ പൊതിഞ്ഞിരിക്കുന്ന കുഞ്ഞിന്റെ കാലുകളുടെ ചിത്രമാണ് വികാസ് പോസ്റ്റ് ചെയ്തത്. പിന്നാലെ ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. കുഞ്ഞിന്റെ മുഖം വൈകാതെ പുറത്ത് കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ പേര് എന്താണ് ഇടുന്നതെന്നുള്ള ചോദ്യവും ഉയർന്ന് വരുന്നുണ്ട്. വിരാടിന്റെ സഹോദരി ഭാവന കോലിയും സന്തോഷം പങ്കുവച്ച് എത്തിയിട്ടുണ്ട്. അതേ സമയം മകൾക്ക് വേണ്ടി നേരത്തെ തന്നെ താരങ്ങൾ ഒരു പേര് കണ്ടു വച്ചിരുന്നതായി സോഷ്യൽ മീഡിയ പറയുന്നു. വിരാടിന്റെയും അനുഷ്‌കയുടെയും പേരിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നാലക്ഷരം വരുന്ന പേരാണെന്നും നേരത്തെ പ്രചരിച്ചിരുന്നു. അങ്ങനെ അനുഷ്‌കയുടെ പേരിന്റെ ആദ്യ രണ്ട് അക്ഷരങ്ങളും വിരാടിന്റെ പേരിന്റെ രണ്ട് അക്ഷരങ്ങളും ചേർത്ത് അൻവി എന്ന് പേര് നൽകിയതായി ഔദ്യോഗികമല്ലാത്ത റിപ്പോർട്ടുകളിൽ പറയുന്നു. ഇതുവരെയും താരകുടുംബം ഇതുമായി ബന്ധപ്പെട്ട് വ്യക്ത വരുത്തിയിട്ടില്ല. അനുഷ്‌ക ശർമ്മ - വിരാട് കോലി താരദമ്പതികൾക്ക് ആദ്യ കണ്മണി പിറന്ന വിവരം കോലിയുടെ ട്വിറ്ററിലൂടെയാണ് സിനിമാക്രിക്കറ്റ് ലോകം അറിയുന്നത് "ഞങ്ങൾക്കൊരു പെൺകുഞ്ഞ് ജനിച്ച വിവരം ഒത്തിരി സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്. നിങ്ങളെല്ലാവരുടെയും പ്രാർഥനകൾക്കും ആശംസകൾക്കും നന്ദി. അനുഷ്‌കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. സന്തോഷകരമായ ജീവിതത്തിലെ മറ്റൊരു അദ്ധ്യായത്തിന് കൂടി ഇവിടെ തുടക്കമാവുകയാണെന്നായിരുന്നു കോലിയുടെ ട്വീറ്റ്. ഈ ട്വീറ്റ് വൈറലായതിന് പിന്നാലെ വിരാടിന്റെ കുടുംബാംഗങ്ങളും രംഗത്ത് വന്നു. നാല് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ 2017 ലായിരുന്നു അനുഷ്‌കയും വിരാട് കോലിയും വിവാഹിതരായത്.