തിരുവനന്തപുരം: പത്തുവർഷം പൂർത്തിയാക്കിയ താത്കാലിക ജീവനക്കാരെ മാനുഷിക പരിഗണനയിലാണ് സ്ഥിരപ്പെടുത്തുന്നതെന്നും ഇത് പി.എസ്.സി ഉദ്യോഗാർത്ഥികളെയോ റാങ്ക് ലിസ്റ്റിനെയോ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുക സ്വാഭാവികമാണ്. പി.എസ്.സി റാങ്ക് ലിസ്റ്റ് വരാനില്ലാത്ത തസ്തികകളിലാണ് പത്ത് വർഷമായ താത്കാലികക്കാരെ സ്ഥിരപ്പെടുത്തുക. ഈ മാനദണ്ഡം കർശനമായി നടപ്പാക്കും.
കരാർ, കൺസൾട്ടൻസി നിയമനങ്ങൾ അനിവാര്യമാണ്. പശ്ചാത്തല സൗകര്യ പദ്ധതികളിലും നൂതന സാങ്കേതിക മേഖലയിലും പ്രത്യേക പ്രാവീണ്യമുള്ളവരെ കൺസൾട്ടൻസി വഴി സുതാര്യത ഉറപ്പാക്കി ഹ്രസ്വകാലത്തേക്ക് നിയമിക്കാറുണ്ട്. അവ സർക്കാർ നിയമനങ്ങളല്ല. പി.എസ്.സിക്ക് വിജ്ഞാപനം ചെയ്യേണ്ട തസ്തികകളുമല്ല.- മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, എൽ. ഡി. എഫ് സർക്കാർ പി.എസ്.സി ലിസ്റ്റിലുള്ള യുവാക്കളെ നോക്കുകുത്തിയാക്കി, പാർട്ടിക്കാർക്കും ബന്ധുക്കൾക്കും പിൻവാതിൽ നിയമനം നൽകുന്നതായി ആരോപിച്ചു പ്രതിപക്ഷം വാക്കൗട്ട് നടത്തി. കേരളത്തെ റാങ്ക് ലിസ്റ്റുകളുടെ ശവപറമ്പാക്കിയിട്ട് കൺസൾട്ടൻസി നിയമനത്തെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്റിയെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ ഷാഫി പറമ്പിൽ ആരോപിച്ചു. എ. കെ. ജി സെന്ററിലെന്ന പോലെ സർക്കാർ സർവീസിൽ നിയമനം നടത്തരുത്. കുത്തുകേസിലെ പ്രതികൾക്കും ഗുണ്ടകൾക്കുമാണ് പൊലീസ് ലിസ്റ്റിൽ ഒന്നും രണ്ടും റാങ്ക്. മന്ത്റിമാരേക്കാളും എം. എൽ. എമാരേക്കാളും കൂടുതൽ - ലക്ഷങ്ങൾ - ശമ്പളം നൽകിയാണ് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ നിയമിച്ചത് - ഷാഫി ആരോപിച്ചു.
@44,000 തസ്തികകൾ സൃഷ്ടിച്ചു
നിയമനങ്ങൾ അഴിമതി ഇല്ലാതെ നടത്തണമെന്ന ഉറച്ച നിലപാടാണ് സർക്കാരിനെന്ന് മുഖ്യമന്ത്റി പറഞ്ഞു. 1,51,513 പേർക്ക് പി.എസ്.സി അഡ്വൈസ് മെമ്മോ നൽകിയിട്ടുണ്ട്. ഈ സർക്കാർ 27,000 സ്ഥിരം തസ്തികകൾ സൃഷ്ടിച്ചു. താത്ക്കാലിക തസ്തികകൾ കൂടി ചേർത്താൽ ഇത് 44,000ആകും. സർക്കാർ സ്ഥാപനങ്ങളിൽ സ്പെഷ്യൽ റൂളുകൾ തയാറാക്കാനും നിയമനങ്ങൾ പി.എസ്.സി വിടാനുമുള്ള നടപടി പുരോഗമിക്കുന്നു. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ, ഐ. എം. ജി, ഹൗസിംഗ് കമ്മിഷണറേറ്റ്, നിർമ്മിതി കേന്ദ്രം, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ, യുവജനക്ഷേമ ബോർഡ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, വഖഫ് ബോർഡ്, റീജിയണൽ കാൻസർ സെന്ററിലെ അഡ്മിനിസ്ട്റേറ്റീവ് വിഭാഗം, പൊള്യൂഷൻ കൺട്രോൾ ബോർഡ് എന്നിവിടങ്ങളിൽ ഉടൻ സ്പെഷ്യൽ റൂൾ രൂപീകരിക്കും. നിയമനം, സ്ഥാനക്കയറ്റം എന്നിവയിൽ എല്ലാ സ്ഥാപനങ്ങൾക്കും സ്പെഷ്യൽ റൂൾ ഉണ്ടാകണമെന്നതാണ് സർക്കാരിന്റെ നയമെന്നും മുഖ്യമന്ത്റി പറഞ്ഞു.
@പിൻവാതിൽ നിയമനമെന്ന് ചെന്നിത്തല
മിന്റ് എന്ന സ്വകാര്യ സ്ഥാപനം വഴി സെക്രട്ടറിയേറ്റിലും ചീഫ് സെക്രട്ടറിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലും നിയമനം നടത്തുകയാണെന്നും പിന്നെന്തിനാണ് പിഎസ്.സിയെന്നും വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. കൺസൾട്ടൻസി, പിൻവാതിൽ നിയമനങ്ങൾ വ്യാപകമാണ്. പത്തുവർഷമാകാത്ത താത്കാലിക്കാരെയും സ്ഥിരപ്പെടുത്തുന്നു. കടുംവെട്ടാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. എം.കെ. മുനീർ, പി.ജ. ജോസഫ്, അനൂപ് ജേക്കബ് എന്നിവരും പ്രസംഗിച്ചു.
വായ്പാ ആപ്പുകളെ നിയന്ത്രിക്കാൻ നിയമം
വേണോയെന്ന് പരിശോധിക്കും
പൊതുജനങ്ങളെ ചതിക്കുഴിയിൽ പെടുത്തുന്ന വായ്പാ ആപ്പുകളെ നിയന്ത്റിക്കാൻ പുതിയ നിയമം വേണോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഇത്തരം 400ലേറെ ആപ്പുകൾ നിലവിലുണ്ട്. കേരളം കേന്ദ്രമാക്കി ഇത്തരം ആപ്ലിക്കേഷനുകളൊന്നും പ്രവർത്തിക്കുന്നില്ലെന്നും കെ.എസ്. ശബരീനാഥന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി. ഓൺലൈൻ ആപ്പുകൾ വഴി വായ്പയെടുക്കുന്നവർ ചതിക്കുഴിയിൽ പെടുന്നുവെന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. റിസർവ് ബാങ്ക് നിയന്ത്റണങ്ങൾക്ക് വിധേയമല്ലാതെയും മണി ലെൻഡേഴ്സ് ആക്ടിന് വിരുദ്ധമായും പ്രവർത്തിക്കുന്ന ഇവ മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണുള്ളത്.
ആപ്പുകൾ വഴി വായ്പയെടുത്ത് ചതിക്കുഴിയിൽപ്പെട്ട 63 പരാതികൾ ലഭിച്ചിട്ടുണ്ട്. അവ ഹൈടെക് ക്രൈം സെൽ, ക്രൈംബ്രാഞ്ച് എന്നിവ അന്വേഷിക്കുന്നുണ്ട്. ഒൻപത് പരാതികളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. രണ്ട് പരാതികൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ഓൺലൈൻ റമ്മികളിയുടെ പേരിലും നിരവധി പേർ ചതിക്കപ്പെടുന്നുണ്ട്. തിരുവനന്തപുരത്ത് നെയ്യാർഡാം പൊലീസ് പരിധിയിൽ വിനീത് ആത്മഹത്യ ചെയ്തത് വിശദമായി പരിശോധിക്കുകയാണ്. ഇക്കാര്യങ്ങളെക്കുറിച്ച് നിരീക്ഷിക്കാൻ സൈബർഡോമിനും നിർദേശം നൽകിയിട്ടുണ്ട്.
കർഷകർക്ക് പ്രയോജനകരമായ
നിയമം കൊണ്ടുവരും
കേന്ദ്രസർക്കാരിന്റ കാർഷിക നിയമങ്ങൾ ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തിൽ, കർഷകർക്ക് പ്രയോജനകരമായ നിയമ നിർമ്മാണം സംസ്ഥാനത്തിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
കേന്ദ്രനിയമം പ്രാബല്യത്തിൽ വന്നാൽ കർഷകരുടെ വരുമാനം കുറയാനും, കൃഷി തന്നെ ഉപേക്ഷിക്കാനും സംസ്ഥാനത്ത് ഭക്ഷ്യപ്രതിസന്ധിക്കും സാദ്ധ്യതയുണ്ട്. വിപണികളിലേക്ക് അന്യസംസ്ഥാന കുത്തക കമ്പനികൾ വരുന്നേതാടെ ,കർഷകരുടെ ഉൾപ്പന്നങ്ങളുടെ വിലയിടിയും. കമ്പനികൾ നേരിട്ട് വലിയ ഫാമുകൾ സ്ഥാപിക്കുന്നത് മിൽമയുടെ വിപണന ശൃംഖല തകരാനും സ്വകാര്യ പാൽ വിപണി ശക്തിപ്പെടാനും ഇടവരുത്തും.
ടൈറ്റാനിയം കേസ്
ടൈറ്റാനിയം കേസിൽ അന്വേഷണം നടത്താൻ കഴിയില്ലെന്ന സി.ബി.ഐയുടെ നിലപാട് ദുരൂഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്രയും വർഷം കഴിഞ്ഞതിനാൽ വിവര ശേഖരണം പ്രയാസമാവുമെന്നാണ് പറയുന്നത്. കമ്പനിയിൽ നിന്ന് വിരമിച്ചവരെയും, ബോർഡ് അംഗങ്ങളെയും കണ്ടെത്താനാവില്ലെന്നാണ് സി.ബി.ഐയുടെ ന്യായീകരണം.
അതിവേഗ റെയിൽ
അതിവേഗ റെയിൽ പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ നടപ്പാക്കുന്നതിന് പാടശേഖരങ്ങളെ പരമാവധി ഒഴിവാക്കുമെന്നും, ഇവിടങ്ങളിൽ ആകാശപാതയാണ് വിഭാവനം ചെയ്യുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
115 കിലോമീറ്റർ പാടശേഖരങ്ങളിലൂടെ കടന്നുപോകുന്നതിൽ 88 കിലോമീറ്ററും ആകാശപാതയിലൂടെയായിരിക്കും. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് അലൈൻമെന്റ് . വിശദമായ സാമൂഹിക ആഘാത പഠനം, കൃത്യമായ ഭൂമി അളന്നു തിട്ടപ്പെടുത്തൽ എന്നിങ്ങനെയുളള പ്രാരംഭ നടപടികളാണ് നടന്നുവരുന്നത്.