കല്ലമ്പലം: കല്ലമ്പലത്തും പള്ളിക്കലിലും ബാങ്കിൽ നിന്നും മടങ്ങിയ വീട്ടമ്മമാരുടെ മാല കവർന്നു. പള്ളിക്കൽ മടവൂർ സ്വദേശി കുമാരിയുടെ നാലരപ്പവന്റെ മാലയും കല്ലമ്പലം പുതുശേരിമുക്ക് സ്വദേശി സുഭദ്രയുടെ മൂന്നുപവന്റെ മാലയുമാണ് നഷ്ടമായത്. കഴിഞ്ഞദിവസം ഉച്ചയ്‌ക്കാണ് സംഭവം. കുമാരി 12.30ന് പള്ളിക്കൽ എസ്.ബി.ഐയിൽ നിന്നും വീട്ടിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുമ്പോൾ ഒരു സ്ത്രീ ഓട്ടോയിലെത്തി മടവൂർ ഭാഗത്തേക്ക് വരുന്നുണ്ടോയെന്ന് ചോദിച്ചു. കുമാരി ഉടൻ ഓട്ടോയിൽ കയറി. എന്നാൽ കുറച്ചുദൂരം കഴിഞ്ഞപ്പോൾ രണ്ടുസ്ത്രീകളും കൂടി ഓട്ടോയിൽ കയറി. വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടമായ കാര്യം അറിഞ്ഞത്. ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്‌തപ്പോൾ സ്ത്രീകൾ തമിഴ് കലർന്ന മലയാളം സംസാരിച്ചിരുന്നതായും ആനകുന്നം ഭാഗത്ത് ഇറങ്ങിയെന്നുമാണ് പൊലീസിനോട് പറഞ്ഞത്. 1.30ഓടെയാണ് കല്ലമ്പലത്ത് മോഷണം നടന്നത്. സുഭദ്ര കല്ലമ്പലത്തെ ബാങ്കിലെത്തി പെൻഷൻ വാങ്ങിയ ശേഷം ബസിൽ കയറി. മറ്റൊരു സ്ത്രീ ഇവർക്ക് ഇരിക്കാൻ സീറ്റ് നൽകി. ബസിലെ തിരക്കിനിടെനിന്ന് പുറത്തിറങ്ങിയശേഷം നോക്കിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇരുസംഭവങ്ങളുടെ പിന്നിലും ഒരേസംഘമാണെന്ന് പൊലീസ് സംശയിക്കുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ എല്ലാ സ്റ്റേഷനുകളിലും വിവരം കൈമാറിയിട്ടുണ്ട്.