തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിറുത്താൻ ഇടതുപക്ഷ, പുരോഗമന ചിന്താഗതിയുള്ള നാല് താത്കാലികക്കാരെ സ്ഥിരപ്പെടുത്തണമെന്ന ചെയർമാൻ കമലിന്റെ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പുറത്തുവിട്ടു. പരിശോധിച്ച് തുടർനടപടിയെടുക്കാൻ മന്ത്രി എ.കെ. ബാലൻ കത്തിൽ എഴുതിയെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ അത്തരം പരിഗണന അനുസരിച്ചല്ല താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതെന്നും, അങ്ങനെ എഴുതിയതിനാൽ മന്ത്റി ഫയൽ തള്ളിയെന്നും അവരെ സ്ഥിരപ്പെടുത്തിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇങ്ങനെ എഴുതിയാലേ നിയമനം ലഭിക്കൂവെന്ന് വിഖ്യാത സംവിധായകനായ കമലിനറിയാമെന്നും അതുകൊണ്ടാണ് ഇങ്ങനെ കത്ത് എഴുതിയതെന്നും ചെന്നിത്തല പറഞ്ഞു.
പി.എസ്.സിയെ നോക്കുകുത്തിയാക്കി കരാർ നിയമനവും സ്ഥിരപ്പെടുത്തലും നടത്തുന്നുവെന്ന് ആരോപിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കണമെന്ന ശൂന്യവേളയിലെ ചർച്ചയിലാണ് ഇടതുപക്ഷ അനുഭാവത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും കൊമ്പു കോർത്തത്. കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മന്ത്റി എ.കെ. ബാലൻ സഭയിലുണ്ടായിരുന്നില്ല. കിൻഫ്ര അടക്കമുള്ള സ്ഥാപനങ്ങളിലും ബന്ധു നിയമനം വ്യാപകമാണെന്ന് ചെന്നിത്തല പറഞ്ഞു. പി.കെ. ശശി എം.എൽ.എയുടെ മകൻ അടക്കമുള്ളവർക്ക് ഇവിടെ നിയമനം നൽകിയെന്നും വാക്കൗട്ട് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര അക്കാഡമിയിലെ നിയമന
ശുപാർശ:കമലിനെതിരെകോൺഗ്രസ്
തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമിയിൽ ഇടതുപക്ഷ അനുഭാവികളായ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സാംസ്കാരികമന്ത്രിയോട് ശുപാർശ ചെയ്ത അക്കാഡമി ചെയർമാനും സംവിധായകനുമായ കമലിനെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരണമേറ്റെടുത്ത് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ. ബി.ജെ.പി നേതൃത്വവും കമലിനെതിരെ രംഗത്തെത്തി. തൊഴിലില്ലായ്മക്കെതിരായ പ്രചരണം ശക്തമാക്കി നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കളുടെ പിന്തുണയുറപ്പാക്കാമാണ് പ്രതിപക്ഷ നീക്കം. പി.എസ്.സി ജോലി കിട്ടാതെ യുവാക്കൾ ആത്മഹത്യ ചെയ്യുമ്പോൾ,തെരുവുകളിൽ അലയുമ്പോൾ, ഭരണകർത്താക്കളെ പ്രീതിപ്പെടുത്താനായി ഏതറ്റം വരെയും താഴുന്ന ഈ മോഡൽ സാംസ്കാരിക നായകർ കേരളത്തിന് അപമാനമാണെന്ന് ഷെയിം ഓൺ യു കമൽ എന്ന ഹാഷ്ടാഗോടെയുള്ള ഫേസ്ബുക് പോസ്റ്റിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ കെ.എസ്. ശബരിനാഥൻ എം.എൽ.എ കുറ്റപ്പെടുത്തി. കമലെന്ന സംവിധായകനെ താൻ ഇഷ്ടപെടുന്നു. അദ്ദേഹത്തിന്റെ സിനിമകളിൽ മാനുഷികമൂല്യങ്ങൾ പ്രതിഫലിക്കുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ സവിശേഷത. എന്നാൽ കമലെന്ന ചലച്ചിത്ര അക്കാഡമിയുടെ ചെയർമാൻ എല്ലാ മാനുഷികമൂല്യങ്ങളും കാറ്റിൽപ്പറത്തി ഒരു കൂട്ടം ഇടതുപക്ഷ അനുഭാവികൾക്ക് ചലച്ചിത്ര അക്കാഡമിയിൽ സ്ഥിരനിയമനം നൽകിയിരിക്കുകയാണെന്ന് ശബരിനാഥൻ കുറ്റപ്പെടുത്തി.
സംവിധായകൻ കമലിന്റ സ്വകാര്യ സ്വത്തല്ല ചലച്ചിത്ര അക്കാഡമിയെന്ന് കോൺഗ്രസ് നേതാവും ഗാനരചയിതാവുമായ പന്തളം സുധാകരൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. അർഹതയും യോഗ്യതയുമുള്ള തൊഴിൽ രഹിതരായ യുവാക്കളുള്ളപ്പോൾ ഭരണകക്ഷിയുടെ മാത്രം റിക്രൂട്ടിംഗ് സെന്ററായി അക്കാഡമിയെ അധ:പതിപ്പിക്കാനുള്ള ചെയർമാൻ കമലിന്റ നീക്കം സാംസ്കാരിക കേരളത്തിന് അപമാനമാണ്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏതെങ്കിലും പക്ഷം നോക്കിയല്ല നിയമനം നടത്തുന്നത്. നിയമസഭ പാസ്സാക്കിയ നിയമത്തിന്റ അടിസ്ഥാനത്തിലാണ്. മലയാളത്തിലെ ഏറ്റവും മികച്ച ചലച്ചിത്രകാരനായ കമൽ ഇങ്ങനെ പാർട്ടി അടിമയായി ചലച്ചിത്ര അക്കാഡമിയുടെ അന്തസ്സ് തകർക്കാൻ കൂട്ടുനിന്നതു ശരിയായില്ലെന്നും പന്തളം ചൂണ്ടിക്കാട്ടി.
കമലിനെപുറത്താക്കണം: ബി.ജെ.പി
തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമിയിൽ രാഷ്ട്രീയം മാത്രം മാനദണ്ഡമാക്കി പിൻവാതിലിലൂടെ ഇടതുപക്ഷ പ്രവർത്തകരെ സ്ഥിരപ്പെടുത്താൻ ശ്രമിച്ച സംവിധായകൻ കമലിനെ പുറത്താക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ ആവശ്യപ്പെട്ടു. സർക്കാർ സ്ഥാപനങ്ങൾ ഇടതുപക്ഷക്കാർക്ക് തീറെഴുതാനുള്ളതല്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കമലിന്റെ നടപടി ഭരണഘടനാവിരുദ്ധമാണ്. സാംസ്കാരിക നായകന്റെ മുഖം മൂടിയണിഞ്ഞ് ഇടതുപക്ഷ ക്ഷേമപ്രവർത്തനമാണ് കമൽ നടത്തുന്നത്.
പിണറായി വിജയന് ദാസ്യവേല ചെയ്യുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ അടിമയായ കമലിനെ മാറ്റിയില്ലെങ്കിൽ ബി.ജെ.പി ബഹുജനപ്രക്ഷോഭം നടത്തുമെന്നും സുധീർ മുന്നറിയിപ്പ് നൽകി.
ഇടതുപക്ഷത്തിന് വിടുപണി ചെയ്യുന്ന കമൽ രാജിവയ്ക്കണം
തിരുവനന്തപുരം: ഇടതുപക്ഷ ഭരണത്തിൽ സർക്കാർ ജോലിക്കുള്ള പ്രധാന മാനദണ്ഡം സി.പി.എം അനുഭാവം മാത്രമാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ ആരോപിച്ചു. ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിറുത്താൻ നാലോളം ആളുകളെ സ്ഥിരപ്പെടുത്തണമെന്ന പരാമർശം ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്.
പി.എസ്.സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ച ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് ഇടത് പക്ഷ അനുഭാവികളെയും ബന്ധുക്കളേയും സർക്കാറിന്റെ എല്ലാ വകുപ്പുകളിലും വ്യാപകമായി സ്ഥിരപ്പെടുത്തുകയാണ്. രണ്ടര ലക്ഷത്തോളം പിൻവാതിൽ നിയമനങ്ങളാണ് ഈ സർക്കാറിന്റെ കാലത്തുണ്ടായത്. പി.എസ്.സി യെ മറികടന്ന് നടത്തുന്ന നിയമനങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.