legislative-assembly

പെയ്യാൻ മുട്ടിയിട്ടും ഒന്നമർത്തിപ്പെയ്യാൻ മടിക്കുന്ന മഴയെപ്പോലെയെന്ന് കാവ്യഭംഗിയിൽ പറഞ്ഞൊപ്പിച്ചാലും അധികപ്പറ്റാവില്ല. സ്പീക്കർക്കെതിരായ പ്രമേയമൊക്കെ വരാനിരിക്കുന്നതേയുള്ളൂ എന്നത് കൊണ്ടാവാം ഇന്നലെ നിയമസഭയിൽ ആരംഭശൂരത്വം എന്ന നിലയിലുണ്ടാവേണ്ട പതിവ് പൊട്ടലും ചീറ്റലും തീർത്തും കമ്മിയായിരുന്നു!

സമീപകാല സമ്മേളനങ്ങൾ പരിശോധിച്ചാൽ ഈയൊരു തുടക്കം അസാധാരണമാണ്. ഇന്നലെ അടിയന്തരപ്രമേയം തൊട്ടിങ്ങോട്ട് നടന്നതൊന്നും ഒരു ആക്‌ഷൻ പടത്തിന്റെ ത്രിൽ തരുന്നതായില്ല. പരമാവധി വിരസവുമായിരുന്നു. ഇഴഞ്ഞുനീങ്ങിയ ശൂന്യവേള തീരാൻ പോലും മൂന്നര മണിക്കൂറെടുത്തു! അവസാന സമ്മേളനമായതിനാൽ സ്പീക്കറടക്കമുള്ളവരെയെല്ലാം ഒരുതരം വിരക്തി പിടികൂടിയെന്ന് തോന്നിപ്പോയി.

ചോദ്യോത്തരവേളയിൽ ആവേശം ചോരാതെ കാക്കുന്നതിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരുപോലെ നൽകിയ സംഭാവനകൾ വിസ്‌മരിക്കുന്നില്ല. കുട്ട്യോളുടെ അച്ഛൻ എന്ന് ഭാര്യമാർ ഭർത്താക്കന്മാരെ വിവരിക്കുന്നത് പോലെയൊക്കെയായിരുന്നു ചോദ്യങ്ങളുടെ ഒരു രീതി. സാമ്പിൾ: 'പ്രമുഖ ബാറുടമ ബാർ ലൈസൻസ് ഫീസ് കൂട്ടാതിരിക്കാൻ അന്നത്തെ കെ.പി.സി.സി പ്രസിഡന്റായിരുന്ന പ്രതിപക്ഷനേതാവിന് കൈക്കൂലി നൽകിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണ നടപടിയുണ്ടോ?' തദ്ദേശവിജയത്തിന്റെ ഹാംഗോവറിൽ പ്രതിപക്ഷത്തെ ഒന്ന് കുടയാമെന്ന് നിശ്ചയിച്ചുറപ്പിച്ച് ഭരണപക്ഷമെത്തിയെന്ന് ആദ്യ ചോദ്യം കേട്ടപ്പോഴേ ബോദ്ധ്യമായി.

വ്യക്തിഹത്യ ചോദ്യോത്തര രൂപത്തിലെത്തുന്നത് കീഴ്‌വഴക്ക ലംഘനമെന്ന് അപ്പോൾത്തന്നെ ചാടിയെഴുന്നേറ്റ കെ.സി. ജോസഫ് അരിശം പൂണ്ടു. അബദ്ധമുണ്ടായോയെന്ന് പരിശോധിക്കാമെന്ന് സ്പീക്കർ പറഞ്ഞത്, പതിവ് മട്ടിലുള്ള സമാധാനിപ്പിക്കലാണെന്ന് തിരിച്ചറിഞ്ഞ പ്രതിപക്ഷം എഴുന്നേറ്റ് ബഹളമുണ്ടാക്കി.

പ്രതിപക്ഷനേതാവിനെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള പ്രാഥമികാന്വേഷണത്തിന് അനുമതി നൽകുന്നത് പരിശോധനയിലാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സർക്കാർ പ്രതിപക്ഷവും അങ്ങനെയാണെന്ന് വരുത്താനുള്ള പാഴ്‌വേല കാട്ടുന്നുവെന്ന് പ്രതിപക്ഷനേതാവ് പരിഭവം പറഞ്ഞുതീർത്തു. ഏതന്വേഷണമായാലും ഒരു ചുക്കുമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അഴിമതിയില്ലാത്ത സർക്കാരിന്റെ മികവിൽ നല്ല വിഷമമുണ്ടല്ലേയെന്ന് മുഖ്യമന്ത്രി ഉറക്കെത്തന്നെ ചോദിച്ചു. ഉളുപ്പില്ലാത്തവരുടെ ചിരിയാണദ്ദേഹം പ്രതിപക്ഷനിരയിൽ ദർശിച്ചത്. ജനങ്ങളുടെ കൈയാൽ കരണത്തടി കൊണ്ടവരാണത്രെ പ്രതിപക്ഷം.

പി.എസ്.സി നിയമനങ്ങൾ അട്ടിമറിച്ചെന്നാരോപിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കവേ, ഷാഫി പറമ്പിലാണ് ഇതിന് മറുപടി നൽകിയത്: "നാട്ടിലെ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ കരണത്തടി അധികം താമസിയാതെ സർക്കാരിന്റെ മുഖത്ത് വീഴും."

എക്സൈസ് ഇൻസ്പെക്ടറുടെ റാങ്ക് പട്ടികയിലുൾപ്പെട്ടിട്ടും നിയമനം കിട്ടാതെ ആത്മഹത്യ ചെയ്ത പി.ജി പാസായ അനുവിന് ഒരു മുഴം കയറും പത്ത് പാസായോ എന്ന് സംശയമുള്ള സ്വപ്ന സുരേഷിന് ചീഫ് സെക്രട്ടറി റാങ്കിലെ ഉദ്യോഗവും എന്നതാണ് ഇന്നത്തെ അവസ്ഥ എന്ന് ഷാഫി പരിതപിച്ചു. യുവതലമുറയുടെ ജോലിപ്രശ്നം ഗൗരവമായി പരിഗണിക്കപ്പെടേണ്ടതാണെങ്കിലും, അപ്പുറത്തെ യുവജനനേതാവ് എട്ടുലക്ഷം കേന്ദ്ര ഒഴിവുകൾ നികത്താതിരിക്കുന്നതിൽ പ്രതികരിക്കാതിരുന്നത് മുഖ്യമന്ത്രിയെ ആശ്ചര്യപ്പെടുത്തി! ഇടതുപക്ഷസ്വഭാവം നിലനിറുത്താൻ ഇടതുപക്ഷജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് നിർദ്ദേശിച്ച് ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ മന്ത്രി ബാലനയച്ച കത്ത് പുറത്തുവിട്ട പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പിൻവാതിൽനിയമന രീതിയിലെ ഇടതുമാതൃക അന്വേഷിക്കുന്ന തത്രപ്പാടിലായിരുന്നു!

ജനഹൃദയങ്ങളിൽ ആഴ്ന്നിറങ്ങിക്കഴിഞ്ഞ പിണറായി സർക്കാരിനെ പിടിച്ചുകെട്ടാൻ വർഗീയശക്തികളെ കൂട്ടുപിടിച്ചിട്ട് പോലും പ്രതിപക്ഷത്തിനായില്ലെന്ന്, ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം അവതരിപ്പിച്ച എസ്. ശർമ്മ ആശ്വസിച്ചു.