child

തിരുവനന്തപുരം: കടയ്‌ക്കാവൂരിൽ മകനെ മാതാവ് പീഡിപ്പിച്ചെന്ന പരാതിയിൽ ഐ.ജി ഹർഷിത അട്ടല്ലൂരി രണ്ടു ദിവസത്തിനുള്ളിൽ ഡി.ജി.പിക്ക് പ്രാഥമിക റിപ്പോർട്ട് കൈമാറും. ആവശ്യമെങ്കിൽ കുട്ടിയുടെയും റിമാൻഡിലുള്ള യുവതിയുടെ ബന്ധുക്കളുടെയും മൊഴിയെടുക്കും. കോടതി അനുമതിയോടെ യുവതിയുടെ മൊഴിയെടുക്കാനും നീക്കമുണ്ട്.

കേസിൽ പൊലീസ് നടപടിക്രമങ്ങൾ പാലിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ. കേസ് ഡയറി പൂർണമായി പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് നൽകുമെന്ന് ഐ.ജി പറഞ്ഞു. അന്വേഷണത്തിനെതിരെ ആരോപണമുയർന്ന സാഹചര്യത്തിൽ, കുട്ടിയെ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി വിദഗ്‌ദ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം മെഡിക്കൽ കോളേജാശുപത്രി അധികൃതർക്ക് കത്ത് നൽകിയിരുന്നു. കൗൺസലിംഗ് റിപ്പോർട്ടിൽ മകൻ മാതാവിനെതിരെ മൊഴി നൽകിയിട്ടുണ്ട്. മൊഴി മജിസ്ട്രേട്ടിനും പൊലീസിനും പരിശോധിച്ച ഡോക്ടർക്കും മുന്നിൽ കുട്ടി ആവർത്തിച്ചു.

യുവതിക്ക് ഭീഷണിയെന്ന്

ഒരിക്കലും ജയിലിൽ നിന്നിറങ്ങാൻ കഴിയില്ലെന്ന് പറഞ്ഞ് യുവതിയെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. സമ്മർദ്ദം കാരണമാണ് കുട്ടിയുടെ മൊഴി. സ്ത്രീധനപീഡന പരാതികളിൽ പൊലീസ് നടപടിയെടുത്തില്ലെന്നും ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ്, രണ്ടാം ഭാര്യ, പൊലീസ് ഉൾപ്പടെയുള്ളവർക്കെതിരെ കുടുംബം പരാതി നൽകി. കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കുട്ടിയുടെ പിതാവുമായി ചേർന്ന് പൊലീസ് ഒത്തുകളിച്ചെന്നുമാണ് ആക്ഷൻ കൗൺസിലിന്റെ ആരോപണം. അതിനിടെ, യുവതി ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി.