വെള്ളറട: വെള്ളറട പൊലീസ് സ്റ്റേഷൻ പരിസരത്ത് ലക്ഷക്കണക്കിന് രൂപയുടെ വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. കേസുകളിൽ പെട്ട നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കാറുകളും ഉൾപ്പെടെ ലക്ഷങ്ങൾ വിലമതിക്കുന്ന വാഹനങ്ങളാണ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിക്കാൻ പോലും സ്ഥലമില്ലാതെ ഇട്ടിരിക്കുന്നത്.
വാഹനങ്ങൾ നിയമ നടപടികൾ പൂർത്തീകരിച്ചാലും കേസിന്റെ വിധി വന്നാൽ മാത്രമേ ലേലം ചെയ്തുപോലും വിൽക്കാൻ അധികൃതർക്ക് കഴിയുകയുള്ളുവെന്ന അവസ്ഥയാണ് വാഹനങ്ങൾ തുരുമ്പുകയറി നശിക്കാൻ കാരണമാകുന്നത്. അപകടത്തിൽ പെടുന്ന വാഹനങ്ങൾ ബോഡ് വച്ചും പണം കെട്ടിവച്ചും ഉടമകൾക്ക് തന്നെ തിരികെ നൽകുയോ കോടതികൾ വാഹനങ്ങൾ ലേലം ചെയ്ത് പണം ബാങ്കുകളിൽ സൂക്ഷിക്കുകയോ ചെയ്തിരുന്നുവെങ്കിൽ നിയമ നടപടികൾ പൂർത്തിയാകുമ്പോൾ വിധിക്കനുസരിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്താലും ആർക്കും നഷ്ടം വരുകയില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഇല്ലാത്ത സ്ഥലത്ത് വാഹനങ്ങൾ സൂക്ഷിച്ച് നടപടികൾ പൂർത്തിയാകുന്നത് വരെ കാക്കുന്നതും പൊലീസിന് തന്നെ തലവേദനയായി മാറുകയാണ്. നടപടികൾ പൂർത്തിയായി അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ ഉടമകൾക്ക് തിരിച്ചു ലഭിച്ചാൽ പോലും ഏതൊരു പ്രയോജനവുമില്ലാത്ത അവസ്ഥയാണ്.