mc-khamarudeen

തിരുവനന്തപുരം:എം. എൽ. എമാരായ വി.എസ് ശിവകുമാർ, വി.കെ ഇബ്രാഹിം കുഞ്ഞ്, കെ.എം ഷാജി, പി. ഉണ്ണി, യു. പ്രതിഭ എന്നിവർക്കെതിരെ വിജിലൻസ് കേസുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ഇതിൽ വി.എസ് ശിവകുമാർ, വി.കെ ഇബ്രാഹിം കുഞ്ഞ്, കെ.എം ഷാജി, എന്നിവർക്കെതിരെയുളള കേസ് അന്വേഷണത്തിലാണ്. പി.ഉണ്ണിക്കെതിരായ അന്വേഷണം പൂർത്തിയായി. റിപ്പോർട്ട് സൂക്ഷ്മ പരിശോധനയിലാണ്. യു.പ്രതിഭക്കെതിരെയുള്ള അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. എം.സി ഖമറുദ്ദീനെതിരെ 149 വഞ്ചന കേസുകളും പി.വി അൻവർ, ഇ.എസ് ബിജിമോൾ എന്നിവർക്കെതിരെ ഓരോ കേസും ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

എന്നാൽ മുൻ ധനന്ത്രി കെ.എം.മാണി,​ മകൻ ജോസ് കെ.മാണി എന്നിവരെ സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ല. ഒരു മുൻധനമന്ത്രിയുടെ വീട്ടിൽ നോട്ടെണ്ണൽ യന്ത്രമുണ്ടെന്ന ആരോപണം അന്വേഷിച്ചോ എന്ന ഉബൈദുള്ളയുടെ ചോദ്യത്തിനും ജോസ്.കെ മാണി ബിജു രമേശിന് പണം വാഗ്ദാനം ചെയ്തതെന്ന ആരോപണത്തെക്കുറിച്ചുള്ള പി.ടി തോമസിന്റെ ചോദ്യത്തിനുമാണ് മുഖ്യമന്ത്രി മറുപടി നൽകാതിരുന്നത്.

മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ യു.പിയിൽ അറസ്റ്റിലായതിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനപടികൾക്ക് ബന്ധപ്പെട്ടവർ സഹായം എത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ആരോപണത്തിൽ കഴമ്പില്ലെന്ന്

വി.ഡി സതീശൻ

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വച്ച് നൽകാൻ പുനർജനി പദ്ധതി പ്രകാരം വിദേശ ഫണ്ട് വാങ്ങിയതിലും വിദേശ യാത്രകൾ നടത്തിയതിലും വി.ഡി സതീശനെതിരെ അന്വേഷണത്തിന് അനുമതി നൽകുന്ന കാര്യം സർക്കാർ പരിശോധിക്കുയാണെന്ന് ഡി.കെ മുരളി, എം. സ്വരാജ് എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ പുനർജനിയിൽ നിർമ്മിച്ച 20 വീടുകളുടെ താക്കോൽദാനം മുഖ്യമന്ത്രിയാണ് നിർവഹിച്ചതെന്ന് വി.ഡി സതീശൻ മറുപടി പറഞ്ഞു.
വിദേശത്തും സ്വദേശത്തുമുള്ളവരിൽ നിന്ന് പണം നേരിട്ടു വാങ്ങിയോ നേരിട്ട് നിർമ്മിച്ചു നൽകിയോ ആണ് പദ്ധതി നടപ്പാക്കുന്നത്. 200 വീടുകൾ നിർമ്മിച്ചിട്ടുണ്ട്. ആരോപണങ്ങളിൽ കഴമ്പില്ല. സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന അപേക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. ഡിവിഷൻ ബെഞ്ച് സി.ബി.ഐയെ കക്ഷി ചേർത്തെങ്കിലും കഴമ്പില്ലെന്നാണ് സി.ബി.ഐ റിപ്പോർട്ട് നൽകിയതെന്നും സതീശൻ പറഞ്ഞു.