നെടുമങ്ങാട്: കൃഷിയിടങ്ങളിൽ കീടനിയന്ത്രണത്തിനും ചെടിയുടെ വളർച്ചയ്ക്കും ഇനി രാസവള പ്രയോഗം വേണ്ട. കളസസ്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന കൂട്ട് ലായനി കർഷകർക്ക് ആശ്വാസമേകുന്നു. 'വൃക്ഷായൂർവേദ വിധി" പ്രകാരം കൃഷിവകുപ്പ് മുൻകൈയെടുത്ത് തയ്യാറാക്കിയതാണ് ഹരിതകഷായം. സൗജന്യമായി കഷായക്കൂട്ട് കർഷകരിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കൃഷിഭവനുകൾ. നെല്ല്, വാഴ, പച്ചക്കറികൾ, അലങ്കാരച്ചെടികൾ തുടങ്ങി എല്ലാ വിളകൾക്കും വളരെയേറെ ഫലപ്രദമാണെന്നാണ് കർഷകർ പറയുന്നത്. ചെടികൾക്ക് വളർച്ചയും ഉത്പാദനവും കൂട്ടുന്നതോടൊപ്പം കീടരോഗ പ്രതിരോധശേഷിയും ഇതിന്റെ ഉപയോഗം വഴി ലഭിക്കും. ആനാട് ഗ്രാമപഞ്ചായത്തിൽ വൃക്ഷായൂർവേദ വിധിപ്രകാരം പച്ചക്കറിത്തോട്ടങ്ങളും നെൽപ്പാടങ്ങളും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകരും കൃഷി ഉദ്യോഗസ്ഥരും. താത്പര്യമുള്ള കർഷകർക്കും തൊഴിലാളികൾക്കും കഷായക്കൂട്ട് നിർമ്മിക്കാൻ പ്രത്യേക പരിശീലനവും സാങ്കേതിക നിർദ്ദേശവും നൽകും. സ്വന്തമായി 10 സെന്റ് കൃഷി ഭൂമിയുള്ളവർക്ക് പ്രകൃതിദത്ത കൃഷി തുടങ്ങുന്നതിന് സഹായം ലഭ്യമാണ്. നെടുമങ്ങാട് താലൂക്കിലെ മറ്റു കൃഷിഭവനുകളിലും വൃക്ഷായുർവേദ വിധി അടിസ്ഥാനമാക്കിയുള്ള കൃഷിയിടങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കള സസ്യങ്ങളിൽ പുൽവർഗത്തിൽപ്പെടാത്തതും പൊട്ടിച്ചാൽ കറയില്ലാത്തതുമായ സസ്യങ്ങളാണ് കഷായക്കൂട്ടിന് വേണ്ടത്. പൂച്ചെടി, വേപ്പില, ശീമക്കൊന്ന, കണിക്കൊന്ന, പെരുവലം തുടങ്ങിയവയ്ക്കാണ് മുൻഗണന. ഇവയുടെ ഇലകളും കറുത്ത ശർക്കരയും പയർ മുളപ്പിച്ചതും നാടൻ പശുവിന്റെ ചാണകവുമാണ് അസംസ്‌കൃത വസ്‌തുക്കൾ.
ആവശ്യമുള്ള സാമഗ്രികൾ
10 കി.ഗ്രാം ചാണകം, 2 കി.ഗ്രാം മുളപ്പിച്ച ഉഴുന്ന്, 3 കി.ഗ്രാം ശർക്കര, 2 കി.ഗ്രാം ശീമക്കൊന്നയില, 2 കി.ഗ്രാം കണിക്കൊന്നയില, 2 കി.ഗ്രാം വേപ്പില, 14 കി.ഗ്രാം വിവിധയിനം കളച്ചെടികൾ (പുല്ലുവർഗക്കളകളും പൊട്ടിച്ചാൽ കറ വരുന്ന കളകളും ഉപയോഗിക്കരുത് ), 200 ലിറ്ററിന്റെ ഒരു ഡ്രം.
തയ്യാറാക്കുന്ന രീതി
ശീമക്കൊന്നയില, കണിക്കൊന്നയില, വേപ്പില, മറ്റു കളകൾ എന്നിവ ഡ്രമ്മിൽ നിറയ്ക്കുക. ചാണകം, ഇലകൾ, മുളപ്പിച്ച ഉഴുന്ന്, പൊടിച്ച ശർക്കര എന്നിവ ചേർത്ത് അമർത്തുക. വീണ്ടും ഇതേ ക്രമത്തിൽ 3 - 4 ലെയറുകറുകളാക്കി നന്നായി അമർത്തുക. ഇതിനുമീതെ 100 ലിറ്റർ വെള്ളം ഒഴിച്ച് നന്നായി അടച്ചുവയ്ക്കുക. അടുത്ത ദിവസം ബലമുള്ള ഒരു വടി കൊണ്ട് 10 തവണ വലതുഭാഗത്തേക്കും 10 തവണ ഇടതു ഭാഗത്തേക്കും ഇളക്കിയ ശേഷം അടയ്‌ക്കുക. 20 ദിവസം ഇത് തന്നെ ആവർത്തിക്കുക. കഷായക്കൂട്ടിന്റെ ഗന്ധം പുറത്തേക്ക് വരുന്നതുവരെ ഇതുപോലെ ചെയ്യണം. അതുകഴിഞ്ഞ് മിശ്രിതം അരിച്ചെടുത്ത് ഡ്രമ്മിൽ അടച്ചുസൂക്ഷിക്കാം.
ഉപയോഗിക്കുന്ന വിധം
30 മി.ലി കഷായം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ സ്‌പ്രേ ചെയ്തും 100 മി.ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തടത്തിൽ ഒഴിച്ചുമാണ് ഉപയോഗിക്കേണ്ടത്.
''പ്രകൃതിക്ക് ദോഷമില്ലാത്ത കൃഷിരീതിയാണ് വൃക്ഷായുർവേദ വിധി. താത്പര്യമുള്ള കർഷകർക്ക് ലായനി സൗജന്യമായി നൽകും. പ്രകൃതികൃഷി ചെയ്യാൻ താത്പര്യമുള്ളവർ കൃഷിഭവനിൽ പേര് രജിസ്റ്റർ ചെയ്യണം""
-എസ്. ജയകുമാർ (കൃഷിഓഫീസർ )