തിരുവനന്തപുരം: തലസ്ഥാനത്തെ ലൈറ്റ് മെട്രോ പദ്ധതിയുടെ നിർമ്മാണം ശ്രീകാര്യത്തു നിന്ന് ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പദ്ധതിയുടെ പ്രരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീകാര്യം, പട്ടം, ഉള്ളൂർ എന്നിവിടങ്ങളിൽ മേൽപ്പാലങ്ങൾ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ 272.84 കോടി രൂപയ്ക്ക് 2016ൽ ഭരണാനുമതി നൽകിയിരുന്നു. കിഫ്ബിയിൽ നിന്നാണ് പണം ലഭ്യമാക്കുകയെന്ന് വി.എസ്.ശിവകുമാർ, കെ.എസ്.ശബരീനാഥൻ, അനൂപ് ജേക്കബ്, സണ്ണി ജോസഫ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഈ പാലങ്ങൾക്കായി ഡി.എം.ആർ.സി തയാറാക്കിയ രൂപരേഖ അംഗീകരിച്ചതിനെ തുടർന്ന് സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിച്ചു. സാമൂഹികആഘാത പഠനവും പൂർത്തിയാക്കി. ശ്രീകാര്യം മേൽപ്പാലത്തിന്റെ സ്ഥലമേറ്റെടുപ്പ് അന്തിമഘട്ടത്തിലാണ്. ടെക്നോപാർക്ക് പ്രദേശത്തെ കൂടി പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിനുള്ള യു.എം.ടി.സി നടത്തിയ സാദ്ധ്യതാപഠന റിപ്പോർട്ട് കെ.ആർ.ടി.എൽ ഡയറക്ടർബോർഡ് യോഗം തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട് തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ ഡിപ്പോ നിർമ്മിക്കുന്നതിനായി 19.54 ഏക്കർ ഭൂമിയും കോഴിക്കോട് ലൈറ്റ് മെട്രോയുടെ ഡിപ്പോ നിർമ്മിക്കുന്നതിനായി 8.2819 ഹെക്ടർ ഭൂമിയും കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷന് അനുവദിച്ചു. കേന്ദ്രസർക്കാരിന്റെ പുതിയ മെട്രോനയത്തിനനുസരിച്ച് സമർപ്പിച്ച പുതുക്കിയ പദ്ധതിരേഖ കഴിഞ്ഞ ഒക്ടോബറിൽ കെ.ആർ.ടി.എൽ ബോർഡ് യോഗം അംഗീകരിച്ച് സർക്കാരിന് സമർപ്പിച്ചു.
.