കാസർകോട്: വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പ്രതികളെ കോടതി ഒമ്പതുവർഷം കഠിനതടവിനും 20,000 രൂപവീതം പിഴയടക്കാനും ശിക്ഷിച്ചു. കള്ളാർ ചീമുള്ളടുക്കത്തെ കെ.കെ. ചാക്കോയെ (69) തൂമ്പ കൊണ്ടും മരവടി കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ ടി.യു. മാത്യു (63), ടി.യു. ജോസഫ് എന്ന കുഞ്ഞുമോൻ (62), ടി.യു. സൈമൺ (53) എന്നിവരെയാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ടി.കെ. നിർമല വിവിധ വകുപ്പുകളിലായി 9 വർഷവും 3 മാസവും കഠിന തടവിനും 20,000 രൂപ വീതം ഓരോ പ്രതിയും പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 6 മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പിഴ തുകയിൽ നിന്ന് 30,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകാനും വിധിയിലുണ്ട്.
2016 നവംബർ 16ന് രാത്രി 8.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഭാര്യയും മക്കളും വിദേശത്തായതിനാൽ വീട്ടിൽ തനിച്ചു താമസിക്കുകയായിരുന്ന ചാക്കോ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ പ്രതികൾ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി ചാക്കോയുടെ തലയ്ക്കും ഇരുകാലുകൾക്കും അടിക്കുകയായിരുന്നു.
ചാക്കോയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളെ വീടിനകത്തു കയറാനോ ആശുപത്രിയിൽ കൊണ്ടുപോകാനോ പ്രതികൾ സമ്മതിച്ചിരുന്നില്ല. ലണ്ടനിലായിരുന്ന മകൻ വിവരമറിഞ്ഞ് രാജപുരം പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്ത് കാര്യം ധരിപ്പിക്കുകയും സ്ഥലത്തെത്തിയ അഡീഷണൽ എസ്.ഐ പി.എ വർക്കി രക്തത്തിൽ കുളിച്ച് മൃതപ്രായനായി കിടക്കുകയായിരുന്ന ചാക്കോയെ പരിയാരം മെഡിക്കൽ കോളജിൽ എത്തിക്കുകയുമായിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയതിനാലാണ് ചാക്കോയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. അന്നത്തെ രാജപുരം എ.എസ്.ഐ ആയിരുന്ന പി.ജി രാജു രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് എസ്.ഐ വി.വി ഗംഗാധരനായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. ബാലകൃഷ്ണൻ ഹാജരായി. കേസിൽ 12 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകളും 3 തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കുകയും ചെയ്തിരുന്നു.