m-a-baby

തിരുവനന്തപുരം: തിയേറ്ററിൽ പോയി സിനിമ കാണാൻ കാശില്ലാത്തതുകൊണ്ട് പറമ്പിൽ പൊഴിഞ്ഞു കിടക്കുന്ന തേങ്ങ പെറുക്കിയെടുത്തു ചുമന്ന് ചന്തയിൽ കൊണ്ടുപോയി വിറ്റ് സിനിമ കണ്ട കാലമുണ്ടായിരുന്നു സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ മന്ത്രിയുമായ എം.എ.ബേബിക്ക്! കൗമാരം കത്തിനിന്ന ആ കാലത്ത് സിനിമയെന്നാൽ ഉയിരായിരുന്നു കൊച്ചുസഖാവിന്. ആ ഇഷ്ടം ഇപ്പോഴും അതുപോലെ. പതിനൊന്നു മാസത്തെ ഇടവേള കഴിഞ്ഞ് ഇന്ന് തിയേറ്ററുകളിൽ വീണ്ടും വിസിലടി മുഴങ്ങുമ്പോൾ സീനിയർ സഖാവിന്റെ ഓർമ്മയിൽ പഴയ സിനിമാക്കാലം ഓടിത്തുടങ്ങുന്നു.

കാഴ്ച മാത്രമല്ല, അനുഭവം കൂടിയാണ് തിയേറ്ററിലെ സിനിമയെന്നു പറയും, എം.എ. ബേബി. ടിക്കറ്റ് കൗണ്ടറിനു മുന്നിലെ തിരക്കും ബഹളവും, തിയേറ്ററിനകത്തും പുറത്തുമായി കേൾക്കുന്ന പാട്ടുകൾ,​ ഇടവേളകളിൽ കച്ചവടക്കാർ കൊണ്ടുവരുന്ന സോഡയും കപ്പലണ്ടിയും, അക്ഷരത്തെറ്റു നിറഞ്ഞ പാട്ടുപുസ്തകങ്ങൾ... അതൊക്കെക്കൂടിയാണ് അന്നത്തെ സിനിമാനുഭവം.

''നാല് തേങ്ങ വിറ്റാൽ രണ്ടു ടിക്കറ്റിനു കാശായി, അന്ന്. അങ്ങനെ കണ്ട സിനിമകളിലൊന്നാണ് മധുവും ഷീലയും അഭിനയിച്ച 'പട്ടുതൂവാല.' തിയേറ്ററിൽ ആദ്യം കണ്ട സിനിമയെക്കുറിച്ച് അവ്യക്തമായ ഓർമ്മയേയുള്ളൂ. അഞ്ചോ ആറോ വയസുള്ളപ്പോൾ അപ്പച്ചന്റെയും അമ്മയുടെയും കൂടെ പുനലൂരിലെ തായ്ലക്ഷ്മി കൊട്ടകയിൽ കണ്ട തമിഴ്‌ചിത്രമാണ് ആദ്യ തിയേറ്റർ അനുഭവമായി മനസ്സിൽ. പിന്നെ ഉമ്മിണിത്തങ്ക, ‌ജ്ഞാനസുന്ദരി, നിണമണിഞ്ഞ കാൽപാടുകൾ, ഇരുട്ടിന്റെ ആത്മാവ്....

അഞ്ചാലുംമൂട് ചന്ദ്രാ തിയേറ്ററിലാണ് ഈ സിനിമകളൊക്കെ കണ്ടത്. ഇപ്പോൾ അത് ഷോപ്പിംഗ് കോംപ്ലക്സ് ആയിരിക്കുന്നു. അതുവഴി പോകുമ്പോൾ കൊട്ടകയ്ക്കുള്ളിൽ നിന്നെന്നപോലെ പഴയ സിനിമാപ്പാട്ട് മനസ്സിൽ വരും.

ഏറ്റവും മൂത്ത ജേഷ്ഠന്റെ ഭാര്യ കുഞ്ഞമ്മച്ചേച്ചിക്കൊപ്പം സിനിമയ്‌ക്ക് കൂട്ടുപോകുന്നത് ഞാനായിരുന്നു.

അമിതാഭ് ബച്ചന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായ 'ആനന്ദ്' എന്ന സിനിമ അങ്ങനെ കണ്ടതാണ്. രാജേഷ് ഖന്നയാണ് നായകൻ. ബച്ചന് രണ്ടാം വേഷം.

പഠനകാലത്തും എസ്.എഫ്.ഐ ഭാരവാഹിയായിരുന്ന കാലത്തും ഇന്ത്യയുടെ പല ഭാഗത്തെയും തിയേറ്ററുകളിൽ പോയി സിനിമ കണ്ടിട്ടുണ്ട്. 'പഥേർ പാഞ്ചാലി' ആദ്യം കാണുന്നത് കൊല്ലം ശ്രീനാരായണ വനിതാ കോളേജിൽ നടത്തിയ സിനിമാ പ്രദർശനത്തിൽ വച്ചാണ്. കൊല്ലത്തെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായ എൻ.ശ്രീധരനൊപ്പമാണ് നീലക്കുയിൽ കാണുന്നത്. ഇ.കെ നായനാർക്കും വി.എസ് അച്യുതാനന്ദനുമൊപ്പം കണ്ട സിനിമകളും മറക്കാനാവില്ല. സിനിമയ്ക്കിടയിൽ നായനാർ പൊട്ടിക്കുന്ന കമന്റുകൾ കേട്ടാൽ ചിരിപൊട്ടും. ഏറ്റവും കൂടുതൽ സിനിമ കണ്ടത് പാലോളി മുഹമ്മദ് കുട്ടിക്കൊപ്പം. അദ്ദേഹം കോമഡിയുടെ ആളാണ്.ലോക്ക്‌ഡൗൺ കാലത്ത് വീട്ടിലിരുന്ന് കുറേ സിനിമ കണ്ടു. എന്നാലും, തിയേറ്ററിൽ പോയി കാണുന്നതാണ് അതിന്റെയൊരു സുഖം. തിയേറ്ററുകളെല്ലാം തുറക്കട്ടെ, കൂടുതൽ സിനിമ വരട്ടെ. തിരക്കാണെങ്കിലും തിയേറ്ററിൽ പോയി സിനിമ കാണാൻ സമയം കണ്ടെത്തും." എം.എ. ബേബി പറയുന്നു.