തിരുവനന്തപുരം: പാലാ സീറ്റിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് എൻ.സി.പി സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കുമ്പോഴും, അവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുനേതൃത്വവും. എന്നാൽ, പാലായുടെ കാര്യത്തിൽ ഉറപ്പ് നൽകാനും ഒരുക്കമല്ല.
ഇന്നലെ തന്നെ വന്നു കണ്ട് പരിഭവം പറഞ്ഞ എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ ടി.പി. പീതാംബരനോട്, 'നമുക്ക് വീണ്ടും സംസാരിക്കാം, സമയമുണ്ടല്ലോ' എന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. ഇത് എൻ.സി.പി നേതൃത്വത്തെ വെട്ടിലാക്കി.നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എൻ.സി.പിയെ യു.ഡി.എഫിലെത്തിക്കാനുള്ള അണിയറനീക്കങ്ങൾ കോൺഗ്രസിൽ നടക്കുന്നുണ്ട്. അതിന്റെ കൂടി പ്രതിഫലനമായാണ് കഴിഞ്ഞ ദിവസങ്ങളിൽ ടി.പി. പീതാംബരനിൽ നിന്ന് ചില രൂക്ഷ പ്രതികരണങ്ങൾ. മുന്നണി മാറ്റം എത്രയും വേഗം വേണമെന്ന ആഗ്രഹം ഒരു വിഭാഗം എൻ.സി.പി നേതാക്കളിലും ശക്തമാണ്. ഇത് തിരിച്ചറിഞ്ഞാണ്, പരമാവധി അവരെ പിണക്കാതെയും, തുടർ ചർച്ചകൾക്കായി വാതിൽ തുറന്നിട്ടുമുള്ള ഇടതു നേതൃത്വത്തിന്റെ സമീപനം.
മന്ത്രി എ.കെ. ശശീന്ദ്രനൊപ്പമാണ് ടി.പി. പീതാംബരൻ ഇന്നലെ മുഖ്യമന്ത്രിയെ കണ്ടത്. സിറ്റിംഗ് സീറ്റുകളായ പാലായും എലത്തൂരും കുട്ടനാടുമുൾപ്പെടെ നാല് സീറ്റുകളും അതേപടി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താനൊറ്റയ്ക്കെടുക്കേണ്ട തീരുമാനമല്ലെന്നും, മുന്നണി നേതൃതലത്തിൽ ആലോചിച്ച ശേഷം വീണ്ടും ഇരിക്കാമെന്നും മുഖ്യമന്ത്രി മറുപടി നൽകി. മുന്നണി വിടാനൊന്നും തീരുമാനിച്ചിട്ടില്ലെന്നും തങ്ങളുൾപ്പെടെ രൂപം കൊടുത്ത മുന്നണിയാണിതെന്നും പീതാംബരൻ പറഞ്ഞു.
നിയമസഭാ സമ്മേളനം 22ന് അവസാനിക്കുന്നതിന് മുമ്പ് പാലായുടെ കാര്യത്തിലടക്കം വ്യക്തമായ ഉറപ്പാണ് എൻ.സി.പി നേതൃത്വം പ്രതീക്ഷിക്കുന്നത്. അഖിലേന്ത്യാ അദ്ധ്യക്ഷൻ ശരത് പവാർ ഉടനെ തിരുവനന്തപുരത്തെത്തി രാഷ്ട്രീയസ്ഥിതിഗതികൾ വിലയിരുത്തും. 22ന് മുമ്പ് തീരുമാനമായില്ലെങ്കിൽ, പുറത്തേക്ക് നീങ്ങാൻ ഒരു വിഭാഗം തയാറെടുക്കുന്നു.